കണ്ണൂര്‍ പയ്യന്നൂർ മാതമംഗലത്ത് രണ്ട് ബസ് സ്റ്റാൻഡുകൾ നിർമിച്ചിട്ടും ബസുകൾ നിറുത്തുന്നത് വഴിയരികിൽ തന്നെ. അശാസ്ത്രീയമായ നിർമാണങ്ങളാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് സ്റ്റാൻഡുകൾ ഉപയോഗശൂന്യമാകാൻ കാരണം.  

മാതമംഗലം ടൗണിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന കുളം നികത്തിയാണ് ആദ്യ ബസ് സ്റ്റാൻഡ് നിർമിച്ചത്. ഇതിനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി. പണി പൂർത്തിയായ സ്റ്റാൻഡിലേക്ക് ബസുകൾക്ക് കയറാനും ഇറങ്ങാനും റോഡ് ഉണ്ടായിരുന്നില്ല. പിന്നീട് ഇവിടെ പഞ്ചായത്ത് കെട്ടിടം നിർമിച്ചു. ഇതിന് ശേഷമാണ് ടൗണിൽനിന്ന് മാറി വീണ്ടും സ്റ്റാൻഡ് നിർമിച്ചത്. ഉദ്ഘാടനം ഒന്നരവർഷം മുൻപ് മുഖ്യമന്ത്രി നിർവഹിക്കുകയും ചെയ്തു. പക്ഷേ ബസുകൾ മാത്രം കയറിയില്ല.

പൊലീസ് എയിഡ് പോസ്റ്റ് മാത്രമാണ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇവർക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.