കോഴിക്കോട് സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. സ്റ്റാന്‍ഡ്, കോയാ റോഡിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ ആവര്‍ത്തിക്കുമ്പോഴും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.

മേയ് ഒന്നു മുതല്‍ സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ്  കോയാ റോഡിലേയ്ക്ക് മാറ്റാനായിരുന്നു തീരുമാനം. ലോറികള്‍ റോഡിനിരുവശവും നിര്‍ത്തിയിടുന്നത് ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ ആഴ്ച്ച ഒന്നു കഴിഞ്ഞിട്ടും സ്റ്റാന്‍ഡ് മാറ്റാന്‍ ഇതുവരെ നടപടിയായിട്ടില്ല.

ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പൊലിസ് വാദിക്കുമ്പോള്‍ നിര്‍ദേശം രേഖാ മൂലം നല്‍കിയതാണെന്നാണ് നഗരസഭയുടെ വാദം.  പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ലോറി തൊഴിലാളികളുടേയും ആവശ്യം.