കൊടും ചൂടില്‍ കാസര്‍കോട് വരണ്ടുണങ്ങുമ്പോഴും ജില്ലയിലെ പരമ്പരഗത ജലസ്രോതസുകളെ സംരക്ഷിക്കാന്‍ നടപടിയില്ല. അധികൃതരുടെ അനാസ്ഥയ്ക്കുള്ള ഒരു ഉത്തമ ഉദാഹരണമാണ് പുല്ലൂര്‍..പെരിയ പ‍ഞ്ചായത്തിലെ  വലിയകുളം. മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ജലാശയം. 

ഒരു കാലത്ത് നാടിന്റെയാകെ ജലസ്രോതസായിരുന്നു ഈ കുളം. കൊടും ചൂടില്‍ ജില്ലയിലെ മിക്ക ജലാശയങ്ങളും വറ്റിവരണ്ടിട്ടും വലിയകുളത്തില്‍ വെള്ളമുണ്ട്. പക്ഷേ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാണെന്നു മാത്രം. മദ്യക്കുപ്പികളും, വീടുകളില്‍ നിന്നുള്ള മാലിന്യവുമാണ് കുളത്തില്‍ നിറയെ. ആരും തിരിഞ്ഞു നോക്കാതായതോടെ വലിയകുളം കാടുമൂടി. ചെങ്കല്ലില്‍ തീര്‍ത്ത മനോഹരമായ പടവുകള്‍ പൂര്‍ണമായി തകര്‍ന്നു. ഒരു നാടിന്റെയാകെ ദാഹമകറ്റാന്‍ ജലസമൃദ്ധിയുള്ള കുളമാണ് അധികൃതരുടെ അവഗണനയില്‍ ഇങ്ങനെ നശിക്കുന്നത്. ഈ ജലാശയം സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷേ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.  

കുളത്തില്‍ വെള്ളമുള്ളതുകൊണ്ട് പ്രദേശത്തെ കിണറുകള്‍ വറ്റിയിട്ടില്ല. സമീപത്തെ കൃഷിയിടങ്ങള്‍ക്കും ഇതു ഗുണകരമാണ്. അധികൃതരുടെ അവഗണന തുടരുന്ന സാഹചര്യത്തില്‍ ജനകീയ കൂട്ടായ്മയില്‍ വലിയകുളം സംരക്ഷിക്കാനുള്ള നടപടികളെക്കുറിച്ചാണ് നാട്ടുകാരുടെ  ഇപ്പോഴത്തെ ആലോചന.