സ്വന്തമായി കെട്ടിടമില്ലാത്ത കൊണ്ടോട്ടി താലൂക്ക് ഒാഫീസ് നാലു വര്‍ഷമായി വാടകക്കെട്ടിടത്തില്‍. ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ച മിനി സിവില്‍ സ്റ്റേഷനും വാഗ്ദാനത്തില്‍ ഒതുങ്ങി. തിരൂരങ്ങാടി , ഏറനാട്, താലൂക്കുകള്‍ വിഭജിച്ചു കൊണ്ടോട്ടി താലൂക്ക് രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടു നാലു വര്‍ഷം കഴിയുന്നു. താലൂക്ക് ഓഫീസും അനുബന്ധ സര്‍ക്കാര്‍ ഓഫീസുകളും മതിയായ സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. താലൂക്ക് ഓഫീസൂം പുതുതായി ലഭിക്കുന്ന അനുബന്ധ സര്‍ക്കാര്‍ ഓഫീസുകളും മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ച് അവിടേക്കു മാറ്റുമെന്ന് നാലു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. കെട്ടിട നിര്‍മാണത്തിനു ഫണ്ടും വകിയിരുത്തി. പഞ്ചായത്ത് ഓഫിസിനു സമീപത്തെ 50 സെന്റ്് സ്ഥലം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിനു വിട്ടുനല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ വിട്ടുനല്‍കിയ സ്ഥലം വയല്‍ പ്രദേശമായതിനാല്‍ ഇതുവരെ അനുമതിലഭിച്ചതുമില്ല. പകരം സ്ഥലം കണ്ടെത്തിയിട്ടുമില്ല.
2013 ഡിസംബര്‍ 23ന് ഉദ്ഘാടനം ചെയ്ത താലൂക്ക് ഓഫീസ് 2014 ജനുവരി ഒന്നു മുതലാണ് പതിനേഴിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നെടിയിരുപ്പ് പഞ്ചായത്ത് കൊണ്ടോട്ടി നഗരസഭയില്‍ ലയിച്ചപ്പോള്‍, കുറുപ്പത്തെ ആളൊയിഞ്ഞ നെടിയിരുപ്പ് പഞ്ചായത്ത് ഓഫീസ് താലൂക്ക് ഓഫീസാക്കി മാറ്റുകയായിരുന്നു. മതിയായ സൗകര്യങ്ങള്‍ ഇവിടെയില്ല. പരിസരത്തെ സപ്ലൈ ഓഫീസും വാടകക്കെട്ടിടത്തിലാണ്. ജോയിന്റ് ആര്‍ടി ഓഫീസ് ഉടന്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.