അശാസ്ത്രീയ ഗതാഗത പരിഷ്കാരത്തില്‍ കുരുങ്ങി കുറ്റ്യാടി ചുരം

താമരശേരി ചുരം വഴി പോകേണ്ട ഭാരമേറിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ചുവിടുന്നത് അപകടങ്ങള്‍ കൂട്ടുന്നു. താമരശേരി ചുരത്തേക്കാള്‍ വീതി കുറഞ്ഞതും വളവുകള്‍ കൂടിയതുമാണ് കുറ്റ്യാടി ചുരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതെന്നാണ് ആക്ഷേപം. 

താമരശേരി ചുരത്തെ അപേക്ഷിച്ച് പഴക്കം ഏറെയാണ് കുറ്റ്യാടി ചുരത്തിന്. വീതി കുറവാണ്. വളവുകളുടെ എണ്ണം കൂടുതലും. 25 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങളാണ് താമരശേരി ചുരത്തില്‍ നിരോധിച്ചത്. വലിയ ലോറികള്‍ക്ക് സമയ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതോടെ കുറ്റ്യാടി ചുരത്തിലെ തിരക്ക് ഇരട്ടിയിലധികമായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്നത് മൂന്ന് അപകടങ്ങളാണ്. 

ചുരത്തിലെ സംരക്ഷണ ഭിത്തികള്‍ പലയിടത്തും തകര്‍ന്ന നിലയിലാണ്. ദിശാ സൂചിക ബോര്‍ഡുകളും തകര്‍ന്നു കിടക്കുന്നു. വലിയ വാഹനങ്ങളുടെ എണ്ണം ഇനിയും കൂടിയാല്‍ അപകട പരമ്പര തന്നെയുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.