ഓഖി; തെരച്ചിലില്‍ തീരസംരക്ഷണ സേന പരാജയമെന്ന് ആക്ഷേപം

ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചിലില്‍ തീരസംരക്ഷണ സേന പരാജയമെന്ന് ആക്ഷേപം. കഴിഞ്ഞദിവസങ്ങളില്‍ ബേപ്പൂരില്‍ കണ്ടെത്തിയ 11 മൃതദേഹവും മല്‍സ്യബന്ധനത്തിനായി പോയവരാണ് കരയിലെത്തിച്ചത്. രണ്ട് മാസം മുന്‍പ് ബേപ്പൂര്‍ തീരത്ത് വിദേശക്കപ്പലിടിച്ച് കാണാതായ മൂന്നുപേര്‍ക്കുള്ള തെരച്ചിലിലും ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചുവെന്നാണ് പരാതി. 

ബേപ്പൂരില്‍ രണ്ട് ദിവസങ്ങളിലായി പതിനൊന്ന് മൃതദേഹം കണ്ടെത്തി. മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കടലില്‍ മൃതദേഹം ഒഴുകിനടക്കുന്നതായ വിവരം തീരസംരക്ഷണസേനയെ അറിയിച്ചത്. തെരച്ചിലിനായുള്ള ഏക ബോട്ടിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ മരിച്ചവരെ കരയ്ക്കെത്തിച്ചിരുന്നു. തീരസംരക്ഷണസേന തിരച്ചിലിനായി കണ്ടെത്തിയിട്ടുള്ള ബോട്ട് പലപ്പോഴും പണിമുടക്കുന്നു. കാറ്റിന്റെ ദിശയിലുണ്ടായ വ്യത്യാസമാണ് കൂടുതല്‍ മൃതദേഹം ബേപ്പൂരിലേയ്ക്കെത്തുന്നതിന്റെ കാരണമായിപ്പറയുന്നത്. ഈ സാഹചര്യത്തിലും മല്‍സ്യത്തൊഴിലാളികളുടെ സഹകരണം ഉറപ്പാക്കിയുള്ള തെരച്ചലിന് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. രണ്ട് മാസം മുന്‍പ് ബേപ്പൂര്‍ തീരത്ത് വിദേശക്കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ക്കായുള്ള തെരച്ചില്‍ എങ്ങുമെത്താത്തത് അനാസ്ഥയുടെ ആഴം കൂട്ടുന്നു. 

അധികൃതര്‍ പരാജയപ്പെട്ടിടത്ത് മല്‍സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാല് ചെറു ബോട്ടുകളിലായി പ്രത്യേക സംഘം ബേപ്പൂര്‍ തീരത്ത് തെരച്ചിലിലുണ്ട്. വിഴിഞ്ഞം, പൂന്തുറ തീരങ്ങളിലെ മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ബേപ്പൂരിലെ തെരച്ചിലിന്റെ സാധ്യത തേടിയിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളുമായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഇവര്‍ അടുത്തദിവസങ്ങളില്‍ ബേപ്പൂരിലെത്തുന്നതിനും സാധ്യതയുണ്ട്.