പാലക്കാട് പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയുടെ പുനരുദ്ധാരണം ഉടനുണ്ടാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സാങ്കേതികവും നിയമപരവുമായ തർക്കങ്ങളുമാണ് പ്രതിസന്ധി. സ്ഥാപനത്തിൽ നിന്ന് മദ്യമോ, വൈനോ ഉൽപ്പാദിപ്പിക്കണമെന്നാണ് െതാഴിലാളി സംഘടനകളുടെ അഭിപ്രായം. 

സർക്കാരിന്റെ ചിറ്റൂർ ഷുഗർ ഫാക്ടറി മലബാർ ഡിസ്റ്റിലറീസ് ലിമിറ്റ‍ഡ് എന്ന പേരിൽ 2009 ൽ റജിസ്റ്റർ ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. കാലങ്ങളായി കാടുകയറി കിടക്കുന്ന സ്ഥാപനം ഇനിയെങ്കിലും തുറന്നുപ്രവർത്തിക്കുന്നതിന് നടപടി വേണമെന്ന് എക്സൈസ് മന്ത്രിയോട് തൊഴിലാളിസംഘടനകൾ ആവശ്യപ്പെട്ടു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ ബ്രാൻഡ് മദ്യമോ, വൈൻ നിർമാണ യൂണിറ്റോ ഇവിടെ തുടങ്ങാം. സ്ഥിരം ലിക്വിഡേറ്ററെ നിയമിച്ച് പഴയ ഉപകരണങ്ങൾ വിറ്റഴിച്ച് സാങ്കേതികവും നിയമപരവുമായ തടസങ്ങൾ ‌നീക്കണമെന്നാണ് ബവ്റിജസ് എം.ഡിയും അഭിപ്രായപ്പെട്ടത്. നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് സങ്കീർണത നീക്കുമെന്ന് മന്ത്രി പറഞ്ഞു. 

നേരത്തെ ജോലി ചെയ്തിരുന്ന 57 പേരിൽ 40 പേർ ബവ്റിജസ് കോർപറേഷനിൽ ‍ഡെപ്യട്ടേഷനിൽ ജോലി ചെയ്യുന്നു. 17 പേർക്ക് ഇപ്പോഴും തൊഴിലില്ല. സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന് കോടികൾ മുടക്കേണ്ടിവരുമെന്നതിനാൽ പ്രതിസന്ധികൾ ഏറെയാണ്.