സര്‍വ ശിക്ഷ അഭ്യാനും ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാംപിന് കോഴിക്കോട്ട് തുടക്കമായി. മൂന്നുദിവസത്തെ ക്യാംപില്‍ ഭിന്നശേഷിക്കാരായ സ്കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനമൊരുക്കും.
കടലാസില്‍ പൂമ്പാറ്റയെ വരയ്ക്കുന്ന തിരക്കിലാണ് ശിവാനി. ഈ പൂമ്പാറ്റയെ പോലെ പാറിനടക്കാനാണ് കൊച്ചുമിടുക്കിക്ക് ആഗ്രഹം. പക്ഷേ ചലനശേഷിയറ്റ കാലുകള്‍ അതിന് അനുവദിക്കില്ല. ഇരുന്നുകൊണ്ട് ചിത്രം വരയ്ക്കാനാവില്ല. അതുകൊണ്ട് കിടന്നുകൊണ്ടാണ് ചിത്രരചന. മകളുടെ കഴിവിനെ ചെറുപ്പത്തിലെ കണ്ടെത്തിയ മാതാപിതാക്കളാണ് പിന്തുണയുമായി ഒപ്പം നില്‍ക്കുന്നത്.
ശിവാനിയെപ്പോലുള്ള നിരവധി കുരുന്നുകളാണ് ക്യാംപിലെത്തിയിരിക്കുന്നത്. എല്ലാവരും ചിത്രരചനയില്‍ അഭിരുചിയുള്ളവര്‍. കുട്ടികള്‍ക്കായി പ്രത്യേക പരിശീലനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.