കോഴിക്കോട് നാദാപുരത്ത് ഡിഫ്ത്തീരിയ ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. പ്രമുഖ സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയത്. പ്രദേശത്ത് ഊർജിത പ്രതിരോധകുത്തിവെയ്പ് കാംപെയിൻ തുടങ്ങാനാണ് ആരോഗ്യവകുപ്പ് തീരുമാനം
വീടുകൾ കയറി ഇറങ്ങി പ്രചാരണം നടത്തിയിട്ടും കുത്തിവെയ്പ് എടുക്കാൻ ആളുകളെത്തുന്നില്ല. ഇതിന്റെ തുടർച്ചയാണ് ഒരു കൊല്ലത്തിനിടെ മൂന്ന് കുട്ടികൾക്ക് ഡിഫ്ത്തീരിയ ബാധിച്ചത്. നാനൂറിനടുത്ത് കുട്ടികൾക്ക് ഇപ്പോഴും ഭാഗികായി മാത്രമേ പ്രതിരോധകുത്തിവെയ്പുകൾ എടുത്തിട്ടുള്ളൂ.
പുതിയതായി രോഗം സ്ഥിരീകരിച്ച കുട്ടിക്ക് അടുത്തിടെയാണ് കുത്തിവെയ്പ്പ് എടുത്തത്. പ്രതിരോധശേഷി ആർജിക്കുന്നതിന് മുമ്പായി രോഗം ബാധിക്കുകയായിരുന്നു. രോഗബാധ കണ്ടെത്തിയ പ്രദേശത്തെ മുഴുവൻ ആളുകൾക്കും പ്രതിരോധകുത്തിവെയ്പ് നൽകാൻ അടുത്ത പതിനാറിന് ക്യാംപ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം