ക്വാറിയിൽ മുങ്ങിത്താഴ്ന്ന മൂന്നുകുട്ടികൾക്ക് പുതുജീവൻ നൽകി ഹൈസ്കൂൾ വിദ്യാർഥികൾ മാതൃകയായി. മലപ്പുറം കൊണ്ടോട്ടി തുറയ്ക്കലിലാണ് സ്വന്തം ജീവൻ പോലും വകവെക്കാതെ നാലുവിദ്യാർഥികൾ കുട്ടികളുടെ ജീവൻ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിനിടെയാണ് മൂന്ന് കുട്ടികളിൽ 2 പേർ കാൽ വഴുതി ക്വാറിയിൽ വീണത്.ഇവരെ രക്ഷിക്കുന്നതിനിടെ മൂന്നാമനും ക്വാറിയിൽ വീണു. ഓണാഘോഷം കഴിഞ്ഞ് അതുവഴി വന്ന 4 ഹൈസ്കൂൾ വിദ്യാർഥികൾ ഈ കാഴ്ച കണ്ടു. പിന്നെയൊന്നും നോക്കിയില്ല. ക്വാറിയിലേക്ക് ചാടി, അതിസാഹസികമായി മുങ്ങിത്താണവരെ രക്ഷിച്ചു
തുറക്കലിലെ ഈ ക്വാറി ഇവിടുത്തുകാർക്ക് പേടി സ്വപ്നമാണ്. ഇതിനു മുൻപ് 5 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ക്വാറിയിൽ വീണ മൂന്നു കുട്ടികളിൽ രണ്ടു പേർ കൊണ്ടോട്ടിയിലേയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.