കേരളത്തിലേക്ക് ആനകൾ എത്താത്തതിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിലെ നിയമക്കുരുക്ക്‌. ഒരു വശത്ത് മറ്റിടങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ സംസ്ഥാന സർക്കാർ എൻഒസി നൽകുന്നില്ല. മറു വശത്ത് ആനകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കേന്ദ്ര ഏജൻസികളുടെ കർശന പരിശോധനയും.

2022ൽ സുപ്രീം കോടതി അനുവദിച്ച ആനകൾക്കുള്ള പ്രൊഫഷണൽ ഓണർഷിപ്പിൽ കൈമാറ്റം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ഉടമസ്ഥാവകാശ രേഖ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം എൻഒസി നൽകാൻ തയ്യാറാകുന്നില്ല. ആനകളുടെ കൈമാറ്റത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന കർശന പരിശോധനയും കുരുക്ക് മുറുക്കുന്നു. ആനകളെ കൊണ്ടുവരാനുള്ള തടസം നീക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് തൃശൂരിന്‍റെ എംഎൽഎ രാജൻ ജെ. പല്ലൻ പറഞ്ഞു. 

ആനകളെ എത്തിക്കാനായില്ലെങ്കിൽ വനംവകുപ്പിന്‍റെ കീഴിലുള്ള ആനകളെ വിട്ടു തരണമെന്ന് കേരള എലിഫന്‍റ് ഓണേഴ്സ് സ്ഥാപക പ്രസിഡന്‍റ്  മുൻമന്ത്രി കെ. ബി ഗണേഷ് കുമാറും പറഞ്ഞു. 

ആന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരെയെത്തി. കേസിൽ അന്തിമ തീർപ്പ് ഉണ്ടാകണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട്  അതിനുമുൻകൈയെടുക്കണമെന്നാണ് പൂര പ്രേമി സംഘത്തിന്‍റെ ആവശ്യം.

ENGLISH SUMMARY:

Kerala elephant transport issue stems from legal hurdles between the central and state governments regarding ownership certificates and NOCs. Poora Premi Sangam and local leaders are urging immediate government intervention to resolve this Supreme Court matter before upcoming festivals.