ഡെൻമാർക്കിൽ നഴ്സിങ് ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ തൃശൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി നിരവധി പേർ രംഗത്ത്. തൃശൂർ പൂങ്കുന്നത്തെ യൂറോവേ സ്ഥാപനത്തിനെതിരെയാണ് വ്യാപക പരാതി.

കോട്ടയം സ്വദേശിയായ ടി.എൽ. ടോമി സ്വന്തം ഭൂമി വിറ്റ് നാല് ലക്ഷം രൂപയോളം സ്ഥാപനത്തിന് നൽകിയിരുന്നു. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ മകൾക്ക് ഡെൻമാർക്കിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പണം നൽകിയത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ജോലിയും നൽകിയില്ല, പണം പൂർണമായും തിരികെ നൽകിയതുമില്ല.

പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒരു ലക്ഷം രൂപ സ്ഥാപനം മടക്കി നൽകിയെങ്കിലും ബാക്കി തുക ലഭിച്ചിട്ടില്ലെന്ന് ടോമി പറയുന്നു. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന ടോമി സ്ഥാപനത്തിന് മുന്നിൽ പോസ്റ്റർ പതിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

ടോമിയെപ്പോലെ നിരവധി പേരാണ് മക്കൾക്ക് വിദേശ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്ഥാപനത്തിന് പണം നൽകിയിരിക്കുന്നത്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഒരു ഡസനോളം കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.

സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഉടമകൾ ഒളിവിൽ പോയതായാണ് സൂചന.

denmark-nursing-job-scam-kerala:

Denmark nursing job scam allegations have surfaced, with numerous individuals from Thrissur, Kottayam, and Thiruvananthapuram districts in Kerala reporting financial fraud. A company named Eurove Consultants in Poojappura, Thrissur, is at the center of these widespread complaints regarding promised nursing jobs in Denmark.