തൃശൂർ മതിലകത്ത് ജലാശയങ്ങളിൽ നീര്‍നായ ശല്യം രൂക്ഷം. മതിലകം പഞ്ചായത്തിലെ കഴുവിലങ്ങിൽ നീര്‍നായ ശല്യം രൂക്ഷമായതോടെ മത്സ്യകർഷകർ കടുത്ത പ്രതിസന്ധിയിൽ. വനം വകുപ്പിന് പരാതി നൽകി കർഷകർ.
കഴുവിലങ്ങ് സ്വദേശി മണക്കാട്ട് പാര്‍ത്ഥസാരഥി മത്സ്യകൃഷി നടത്തുന്ന കുളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രാത്രിയിലും പുലർച്ചെയുമാണ് നീര്‍നായകൾ എത്തുന്നത്. വീടിനോട് ചേർന്ന നാലോളം കുളങ്ങളിലും നീർനായ ഭീഷണിയുണ്ട്.
കുളത്തിൽ കുളിക്കാനോ മറ്റോ ഇറങ്ങുമ്പോൾ നീര്‍നായ ചീറ്റിയടുത്തുവരുന്നു. സമീപത്തെ തോടുകളിലും നീർനായ്ക്കളെ പതിവായി കാണുന്നെന്ന് പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥരും റെസ്‌ക്യൂ സംഘവും സ്ഥലം പരിശോധിച്ചു. അടിയന്തര പരിഹാരമായി കുളങ്ങളിൽ കൂടുകൾ സ്ഥാപിച്ച് നീര്‍നായകളെ പിടികൂടാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഉറപ്പു നൽകി.