തൃശൂർ പുല്ലഴി കോൾപടവ് സഹകരണ സംഘം ഒന്നരക്കോടി രൂപയുടെ കടബാധ്യതയിലാണെന്ന് ആരോപിച്ച് കർഷകർ സമരത്തിലേക്ക്. കർഷകർ തിരിച്ചടച്ച വായ്പാ തുക കേരള ബാങ്കിന് കൈമാറാതെ ഭരണസമിതി വകമാറ്റിയെന്നാണ് പ്രധാന ആരോപണം. ഇതിനെ തുടർന്ന് വായ്പ കുടിശ്ശികയായതായി ചൂണ്ടിക്കാട്ടി ബാങ്ക് കർഷകർക്ക് നോട്ടീസ് അയച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

തൃശൂരിലെ അഞ്ഞൂറോളം കർഷകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുല്ലഴി കോൾപടവിൽ ഏകദേശം 900 ഏക്കറിലാണ് കൃഷി നടത്തുന്നത്. നെൽകൃഷിക്കും വരമ്പുകളിലെ സൂര്യകാന്തി കൃഷിക്കും പേരുകേട്ട പ്രദേശമാണിത്.

സഹകരണ സംഘം മുഖേന കർഷകർക്ക് 10,000 രൂപ വീതം വായ്പ അനുവദിച്ചിരുന്നു. ഈ തുക മുഴുവൻ കർഷകർ സഹകരണ സംഘത്തിന് തിരിച്ചടച്ചെങ്കിലും കേരള ബാങ്കിലേക്ക് കൈമാറിയില്ലെന്നാണ് ആരോപണം. ഇതോടെ വായ്പ ഇപ്പോഴും കുടിശ്ശികയായി തുടരുകയാണെന്നും ബാങ്ക് നിയമനടപടികൾ ആരംഭിച്ചതായും കർഷകർ പറയുന്നു.

ഭരണസമിതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിഷയത്തിൽ സഹകരണ വകുപ്പിന് പരാതി നൽകിയതായും അവർ അറിയിച്ചു. മഴക്കാലത്ത് മത്സ്യകൃഷിയും വെള്ളമിറങ്ങുമ്പോൾ നെൽകൃഷിയും നടത്തുന്ന കോൾപടവിന്റെ പ്രവർത്തനം ഈ പ്രതിസന്ധി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.