തൃശൂര്‍ നാട്ടിക സീറ്റില്‍ സിറ്റിങ് എം.എല്‍.എ സി.സി. മുകുന്ദന് സി.പി.ഐ വീണ്ടും സീറ്റ് നല്‍കിയേക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുനില്‍ ലാലൂര്‍ തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് സാധ്യത. ബി.ജെ.പി പുതുമുഖ സ്ഥാനാര്‍ഥിയെ തേടുന്നുണ്ട്.
സംവരണ മണ്ഡലമാണ് നാട്ടിക. എല്‍.ഡി.എഫിന്‍റെ ചെങ്കോട്ടയായിരുന്ന ചേര്‍പ്പ് രൂപംമാറിയാണ് ഇന്നു കാണുന്ന നാട്ടിക മണ്ഡലമായത്. പഴയ നാട്ടിക സീറ്റില്‍ ടി.എന്‍.പ്രതാപന്‍ ജയിച്ചിട്ടുണ്ട്. രൂപംമാറിയപ്പോള്‍ ഇടതുകോട്ടയായി മാറി. പതിനഞ്ചു വര്‍ഷമായി സി.പി.ഐയുടെ കുത്തകയാണ് നാട്ടിക സീറ്റ്. നിലവിലെ എം.എല്‍.എയായ സി.സി.മുകുന്ദന്‍ ഒരിക്കല്‍ക്കൂടി ജനവിധി തേടാന്‍ പാര്‍ട്ടി അനുവദിച്ചേക്കും. നേരത്തെ പാര്‍ട്ടിയുമായി തെറ്റിയ എം.എല്‍.എ, ആ മുറിവുകള്‍ ഉണക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകുന്ദന്‍റെ ഭൂരിപക്ഷം മുപ്പതിനായിരം വോട്ടുകള്‍ക്കു താഴെയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതു നേരെ തിരിഞ്ഞു. ബി.ജെ.പി വന്‍ഭൂരിപക്ഷം നേടി. പതിനാലായി വോട്ടുകളായിരുന്നു നാട്ടികയില്‍ സുരേഷ് ഗോപിയുടെ ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും യൂ ടേണ്‍ അടിച്ചു. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷം എല്‍.ഡി.എഫ്. നാട്ടികയില്‍ നേടി.
നാട്ടികയില്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസ് മോഹിക്കുന്നത്. തോറ്റിട്ടും അഞ്ചുവര്‍ഷം മണ്ഡലത്തില്‍ ഓടിനടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവാണ് സുനില്‍ ലാലൂര്‍. ഇക്കുറിയും സുനിലിനെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും. ബി.ജെ.പിയാകട്ടെ പൊതുസമ്മതനെ തേടുകയാണ് നാട്ടികയില്‍. പരീക്ഷണത്തിനുള്ള ശ്രമത്തിലാണ് ബി.ജെ.പി.