തൃശൂര്‍ കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നിലവിലെ കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ച് എല്‍.ഡി.എഫില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഭാരവാഹികളും മുന്‍ കൗണ്‍സിലറുമായ രണ്ടു പേര്‍ വിമതരായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു.
നിമ്മി റപ്പായി കോണ്‍ഗ്രസിന്‍റെ കൗണ്‍സിലറായിരുന്നു. കുരിയച്ചറിയിലെ കൗണ്‍സിലര്‍. ഒല്ലൂരില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. പാര്‍ട്ടി കൈവിട്ടു. നേരെ എന്‍.സി.പിയ്ക്കു കൈ കൊടുത്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഒല്ലൂരില്‍ മല്‍സരിക്കും. ഒന്‍പതുവര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതായി നിമ്മി റപ്പായി മനോരമ ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളാണ് മിഷന്‍ക്വാര്‍ട്ടേഴ്സും കുരിയച്ചിറയും. കോണ്‍ഗ്രസിന്‍റെ തൃശൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ജോര്‍ജ് ചാണ്ടി രാജിവച്ചു. മിഷന്‍ക്വാര്‍ട്ടേഴ്സില്‍ മല്‍സരിക്കും. മൂന്നു തലമുറയായി തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന വലിയ കുടുംബമാണ് ചാണ്ടിയുടേത്.
കുരിയച്ചിറയില്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ പ്രാദേശിക നേതാവാണ് ഷോമി ഫ്രാന്‍സിസ്. വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച മുന്‍ കൗണ്‍സിലര്‍. ഷോമിയുടെ ജനപിന്തുണ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാം. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെ തലപ്പത്തുള്ള തേറമ്പില്‍ രാമകൃഷ്ണനും തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റും ഷോമിയെ മല്‍സരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ, കെ.മുരളീധരന്‍ വാദിച്ചത് സ്വന്തം വിശസ്തനായ സജീവന്‍ കുരിയച്ചിറയ്ക്കു വേണ്ടിയും.
ഡി.സി.സി. സെക്രട്ടറി രവി ജോസ് താണിക്കലും കൗണ്‍സിലര്‍ സുനില്‍രാജും സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരുവരും അസ്വസ്ഥരാണ്. മിഷന്‍ക്വാര്‍ട്ടേഴ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിബു ചാക്കോ പോളും വിമതനായി മല്‍സരിച്ചേക്കും.