TOPICS COVERED

വൈകല്യത്തിന് നേരെ വെടിയുതിര്‍ത്ത് വീണ്ടും മികവിന്റെ അടയാളമായി മാറുകയാണ് തൃശൂര്‍ സ്വദേശി ടെന്നിസന്‍ നെല്ലിങ്കര. വലതു കൈയുടെ തളര്‍ച്ചയൊന്നും ലക്ഷ്യം നേടുന്നതിന് ഇദ്ദേഹത്തിന് തടസമേയല്ല. പാലക്കാട് റൈഫിൾ ക്ലബ്ബിൽ നടക്കുന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ജനറൽ വിഭാഗത്തിൽ മത്സരിക്കുന്ന ടെന്നിസന്‍ മെഡല്‍ നേട്ടം തുടരുകയാണ്. 

വലം കൈയ്യുടെ കരുത്ത് കൂടി ഇടം കൈയിലേക്ക് പ്രവഹിക്കുന്ന മികവ്. നോട്ടം ലക്ഷ്യം പിടിക്കുമ്പോള്‍ പരിമിതിയെന്ന വാക്കിനെയാണ് വെടിയുതിര്‍ത്ത് ടെന്നിസന്‍ വീഴ്ത്തുന്നത്. 2017 മുതലുള്ള സംസ്ഥാന ഷൂട്ടിങ് ചാംപ്യൻഷിപ്പുകളിൽ വിവിധ വിഭാഗങ്ങളിൽ ആറു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. ചെറുപ്പം മുതൽ ഷൂട്ടിങ് ഇഷ്ടമായിരുന്നെങ്കിലും പരിശീലനത്തിന് അവസരം ലഭിച്ചതു നാല്‍പ്പത്തി മൂന്നാം വയസ്സിൽ. 2017 മുതൽ പാലക്കാട് റൈഫിൾ ക്ലബ്ബിൽ ലെനു കണ്ണന്റെ കീഴിലാണു പരിശീലനം. ഇത്തവണ മികവുറ്റ നിരവധി താരങ്ങളാണ് ആവേശത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നം പിടിക്കുന്നത്. 

ചാംപ്യൻഷിപ്പിൽ 160 പോയിന്റ് നേടി പാലക്കാടാണു മുന്നിൽ. നൂറ്റി നാല്‍പ്പത്തി അഞ്ച് പോയിന്റുമായി കോഴിക്കോടും നൂറ്റിപ്പത്ത് പോയിന്റുമായി തൃശൂരും രണ്ടും, മൂന്നും സ്ഥാനങ്ങളിലുണ്ട്. 

Thrissur tennison medal story: