ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുമാസമായിട്ടും കോട്ടയം മുണ്ടക്കയത്തെ സബ് ട്രഷറി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒന്നേമുക്കാൽ കോടി രൂപ ചിലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 26ന് ഉദ്ഘാടനവും നടത്തി. എന്നാൽ എട്ടു മാസമായിട്ടും പുതിയ കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറിയിട്ടില്ല. നിലവിൽ കൂട്ടിക്കൽ റോഡിൽ സ്വകാര്യ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറിവേണം ഓഫീസിൽ എത്തുവാൻ. ഇതോടെ പെൻഷൻ വാങ്ങാൻ എത്തുന്ന പ്രായമുള്ളവർ ബുദ്ധിമുട്ടുകയാണ്.
പുതിയ കെട്ടിടത്തിൽ ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭിക്കാത്തതാണ് തടസ്സമായി ഉദ്യോഗസ്ഥർ പറയുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ പറയുന്നു. കെട്ടിടത്തിന്റെ പരിസരം കാടുകയറി തുടങ്ങി. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് കെട്ടിടം അനാഥമാകാൻ കാരണം.