ലഹരി ഉപയോഗത്തിനായി വേദനസംഹാരികളായ ഷെഡ്യൂൾ-എച്ച് മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഡൽഹിയിൽ നിന്ന് കൊറിയർ മുഖേന എത്തിച്ച് വിൽപ്പന നടത്തിയ യുവാവ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ. പൊൻകുന്നം ചിറക്കടവ് സ്വദേശി അമീർഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1.75 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇയാൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് വിറ്റഴിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയ പൊലീസ്, കാഞ്ഞിരപ്പള്ളിയിലെ ഒരു കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ നിന്ന് എത്തിയ പാർസൽ കൈപ്പറ്റാനെത്തിയപ്പോഴാണ് അമീർഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരിശോധനയിൽ 80 വയലുകൾ അടങ്ങിയ ഷെഡ്യൂൾ-എച്ച് വിഭാഗത്തിൽപ്പെട്ട വേദനസംഹാരികളാണ് പാർസലിൽ നിന്ന് കണ്ടെത്തിയത്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും അതികഠിനമായ വേദനയ്ക്കും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളാണിവ. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകൾ കൈവശം വയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
അന്വേഷണത്തിൽ, ജിമ്മുകളിൽ പരിശീലനം നടത്തുന്നവർക്കും വടംവലി മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ അമീർഖാൻ ഈ മരുന്നുകൾ വിറ്റിരുന്നതായി പൊലീസ് കണ്ടെത്തി. 500 രൂപ നിരക്കിലായിരുന്നു വിൽപ്പന.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 1.75 ലക്ഷം രൂപയുടെ ഷെഡ്യൂൾ-എച്ച് മരുന്നുകൾ ഡൽഹിയിൽ നിന്ന് എത്തിച്ച് കോട്ടയം ജില്ലയിൽ വിതരണം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതി മുന്‍പ് കഞ്ചാവ് കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത മരുന്നുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി കോട്ടയം ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.