കുമരകത്തെ യുവാവിന്റെ മരണത്തിനിടയാക്കിയ ഭക്ഷ്യവിഷബാധയ്ക്ക് മീൻതലക്കറിയാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. പരിപ്പ് തൊള്ളായിരംചിറയിലെ കള്ളുഷാപ്പിൽ നിന്ന് കള്ളും മീൻതലക്കറിയും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുമരകം ചൂളഭാഗം സ്വദേശിയായ ജ്യോതിഷ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഏഴ് പേരിൽ ജ്യോതിഷ് മരിക്കുകയും ആറുപേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. ഇവരുടെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മീൻതലക്കറിയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ മീൻ പാചകം ചെയ്ത രീതിയിലുണ്ടായ വീഴ്ചയാണോ, പഴകിയ മീൻകറി വിളമ്പിയതാണോ, അതോ പഴകിയ മീൻതലയാണോ ഉപയോഗിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കായലിനാൽ ചുറ്റപ്പെട്ട പ്രദേശത്തുള്ള ഷാപ്പിൽ പാചകത്തിന് ഉപയോഗിച്ച വെള്ളത്തിന്റെയും പരിസര ശുചിത്വത്തിന്റെയും ഗുണനിലവാരവും അന്വേഷണവിധേയമാണ്.
കറിയിൽ ഉപയോഗിച്ച ചേരുവകളുടെ 22 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ. സംഭവത്തെ തുടർന്ന് ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് ആരംഭിച്ചു. ലൈസൻസിയായ ഏറ്റുമാനൂർ സ്വദേശി ലേഖ ബാബു ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ഷാപ്പിൽ വിതരണം ചെയ്ത കള്ളിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ ഉറവിടം ഷാപ്പിൽ വിളമ്പിയ ഭക്ഷണമാണെന്ന നിഗമനത്തിലാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.