കോട്ടയം വൈക്കം പുളിഞ്ചുവട്ടിലെ പട്ടികജാതി വികസനവകുപ്പിന്റെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ കുട്ടികൾക്ക് മർദനവും അവഹേളനവുമെന്ന് പരാതി. താൽക്കാലിക ജീവനക്കാരായ ഹോസ്റ്റൽ വാർഡനും റസിഡന്റ് ട്യൂട്ടർക്കും എതിരെ രക്ഷിതാക്കൾ പരാതി നൽകി.
ചൂരൽ പ്രയോഗവും അവഹേളനവും സഹിക്കാനാവാതെ രണ്ട് മാസത്തിനിടെ ഹോസ്റ്റൽ വിട്ടത് ആറ് വിദ്യാർഥികളാണ്.
നിസാര കാര്യങ്ങൾക്ക് വടി കൊണ്ടുള്ള അടിയും അപമാനിക്കലും പതിവാണെന്ന് കുട്ടികൾ പറയുന്നു. പാത്രം കഴുകുമ്പോൾ വെള്ളം തറയിൽ വീണതിനും പഴത്തൊലി ഊണ് മേശയിൽ കിടന്നതിനും രാവിലെ പത്രം ഗേറ്റിൽ നിന്ന് എടുത്ത് കൊണ്ട് വരാത്തതിനും അടി വാങ്ങുന്നതായി കുട്ടികൾ പറയുന്നു. ഒരു പ്ലസ് വൺ വിദ്യാർഥിനിയെ രാത്രി ഏഴിന് ഹോസ്റ്റലിൽ നിന്ന് ഇറക്കി വിട്ടതായും പരാതിയുണ്ട്.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ 25 ലധികം വിദ്യാർഥിനികൾ ഉണ്ടായിരുന്ന ഹോസ്റ്റലിൽ ഈ വർഷം പതിനാറ് പേരാണ് എത്തിയത്. രക്ഷിതാക്കളുടെ പരാതി പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫിസറെ വിവരം അറിയിച്ചതായി നഗരസഭ വാർഡിലെ സിപിഎം അംഗം കവിത രാജേഷ് അറിയിച്ചു.