വീടുപണയപ്പെടുത്തി അൻപത്തിയൊന്നു ലക്ഷം രൂപ വായ്പയെടുത്ത് ഭർത്താവ് മുങ്ങിയെന്ന് ഭാര്യയുടെ പരാതി. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ വീട്ടിൽ ജപ്തി നോട്ടീസ് ലഭിച്ചതോടെ ഭിന്നശേഷിക്കാരിയായ മകളും അമ്മയും പ്രതിസന്ധിയിലായി. കോട്ടയം പൂവന്തുരുത്ത് പ്ലാമൂട് ജംക്‌ഷന് സമീപം താമസിക്കുന്ന ഉഷാകുമാരിയും മകളുമാണ് അധികൃതരുടെ സഹായം തേടുന്നത് .
ഭിന്നശേഷിക്കാരിയായ 21 വയസ്സുള്ള മകളുമായി ഉഷാ കുമാരി എങ്ങോട്ടു പോകും. വീടും സ്ഥലവും പണയപ്പെടുത്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭർത്താവ് പി.ശിവദാസൻ 51 ലക്ഷം രൂപ 2017 ൽ വായ്പയെടുത്തെന്നാണ് ഉഷാകുമാരി പറയുന്നത്. 2019 ൽ ഭർത്താവ് മകളെയും തന്നെയും ഉപേക്ഷിച്ച് പോയെന്നും ഇപ്പോൾ വീട് ജപ്തിയിലായെന്നും ഉഷാകുമാരി പറയുന്നു. കഴിഞ്ഞ ദിവസം വീടിന്‍റെ താഴത്തെ നില പൂട്ടി സീൽ ചെയ്തു.
വീടിന്‍റെ ഒന്നാം നിലയിലാണ് ഉഷാകുമാരിയും മകളും താമസിക്കുന്നത്. 21 വയസുള്ള മകളുമായി ഗോവണി വഴിയാണ് ഇറങ്ങുന്നതും കയറുന്നതും. പൂനെ ആസ്ഥാനമായ കമ്പനി കോടതി മുഖേന ജപ്തി നോട്ടീസ് പതിച്ചെങ്കിലും ഈ സ്ഥാപനത്തെക്കുറിച്ച് ഉഷാകുമാരിക്ക് ഒന്നുമറിയില്ല. നിയമപരവും സാമ്പത്തികവുമായസഹായം തേടുകയാണ് കുടുംബം.