വൈക്കത്ത് കായലിൽ മറിഞ്ഞ് വീണ ബിനാലെ ശിൽപം മൂന്നുമാസമായിട്ടും പുനരുദ്ധരിച്ചില്ല. അറ്റകുറ്റ പണി നടത്തി സെൽഫി പോയിന്‍റടക്കം നിർമ്മിച്ച് ഉടനെ കായലിൽ സ്ഥാപിക്കുമെന്നായിരുന്നു ലളിത കലാ അക്കാദമിയുടെ വാഗ്ദാനം.
മൂന്ന് മാസം പിന്നിടുമ്പോൾ ലളിതകലാ അക്കാദമിയുടെ തന്നെ ശില്പോദ്യാനത്തിന് എതിർവശത്ത് വൈക്കത്തെ കായലോര ബീച്ചിലേക്കുള്ള വഴിയരുകിലാണ് ഈ കാഴ്ച. 2014 ലെആദ്യ ബിനാലെയിൽ ശ്രദ്ധയാകർഷിച്ച ഒരു ശില്പമാണ് മൂന്ന് മാസമായി ഇങ്ങനെയിരിക്കുന്നത്. ടൂറിസത്തിൻ്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് ഈ ശില്പം 2015 ൽ വൈക്കത്തെ പാർക്കിനോട് ചേർന്ന് ലളിതകലാ അക്കാദമി സ്ഥാപിച്ചത്. പിന്നീട് ആരും തിരിഞ്ഞ് നോക്കാതെ വന്നതോടെയാണ് കഴിഞ്ഞ മെയ് മാസം ഇരുമ്പ് തൂണുകൾ തുരുമ്പെടുത്ത് തകർന്ന ശില്പം മറിഞ്ഞ് വീണത്.
മാസം മൂന്ന് കഴിഞ്ഞിട്ടും എൻജിനിയറിംഗ് വിഭാഗം പദ്ധതി തയ്യാറാക്കി കഴിഞ്ഞില്ലെന്നാണ് നിലവിൽ ലളിതകലാ അക്കാദമി പറയുന്നത്.. അക്കാദമിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 15 ലക്ഷം മുടക്കി ഉടനെ പണി തുടങ്ങുമെന്നുമാണ് അക്കാദമി സെക്രട്ടറി ഇപ്പോൾ പറയുന്നത്. എന്തായാലും സെൽഫി പോയിൻ്റടക്കം നിർമ്മിച്ച് ഈ ശില്പം കായലിൽ ഉയരുന്നത് വരെ റോഡരുകിൽ എത്ര കാലം ഇതിങ്ങനെ നോക്കുകുത്തിയാവും എന്നാണ് ഇനി കണ്ടറിയേണ്ടത്..