ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞ് വെച്ചതിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. ഇടുക്കി തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീൻ പ്രദർശിപ്പിക്കുന്നതിനിടെ മദ്യപിച്ച് എത്തിയെന്ന് ആരോപിച്ചാണ് കരിമണ്ണൂർ എസ് ഐ റോയ് സുകുമാരനെയും ഡ്രൈവർ ജിജോ ആന്‍റണിയെയുമാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. രക്ത പരിശോധനയിൽ പൊലീസുകാർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യനിർവഹണം തടസപ്പെടുത്തുക അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് തടഞ്ഞുവച്ചവർക്കെതിരെ കേസെടുത്തത്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി തൊടുപുഴ ഡിവൈഎസ്പിയോടും സ്പെഷ്യൽ ബ്രാഞ്ചിനോടും റിപ്പോർട്ട് തേടി. രക്ത പരിശോധനയുടെ വിശദ റിപ്പോർട്ട് കിട്ടിയശേഷം പൊലീസുകാർക്കെതിരെ നടപടിയെടുത്തേക്കും. കർശന നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം