മൂന്നാറിൽ സമഗ്ര മാറ്റം വരുത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂറിസം പൊലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന സാഹചര്യവും പരിശോധിക്കും.
മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം പതിവാകുന്ന സാഹചര്യത്തിലാണ് ടൂറിസം മന്ത്രി മൂന്നാറിൽ യോഗം വിളിച്ചത്. ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളുമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തി. ക്രമ സമാധാനം, ഗതാഗതം അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങൾ മാലിന്യ പ്രതിസന്ധി എന്നിവയ്ക്ക് ഹൃസ്വകാല അടിസ്ഥാനത്തിൽ പരിഹാരം കാണാനാണ് തീരുമാനം. ടോപ് സ്റ്റേഷനിലെ അതിക്രമങ്ങൾ ഒഴിവാക്കാൻ തമിഴ്നാട് തേനി ജില്ലാ കലക്ടറുമായി ചർച്ച നടത്തും
മൂന്നാറിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. സ്ഥലപരിമിതി ഒഴിവാക്കാൻ KDHP കമ്പനിയുമായി ചർച്ച നടത്തും. മൂന്നാറിലെ പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തീരുമാനം