ഇടുക്കി മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയ്ക്ക് ഇപ്പോൾ പ്രിയം ക്യാരറ്റും പൈനാപ്പിളും ചോളവും ഒന്നുമല്ല. ഭക്ഷണക്രമം പതിയെ മാറ്റിപ്പിടിച്ചിരിക്കുകയാണ് പടയപ്പ. ഇതോടെ വലിയ ആശങ്കയിലാണ് വഴിയോര കച്ചവടക്കാർ .
വഴിയോരക്കടകൾക്ക് നേരെയുള്ള കാട്ടാന പടയപ്പയുടെ ആക്രമണം പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി പെരിയ വാര പാലത്തിനു സമീപം നാല് കടകളാണ് പടയപ്പ തകർത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബ്രഡും, ബണ്ണും, ബിസ്കറ്റുമെല്ലാം ആന അകത്താക്കി
പെരിയവാരയിലെ വഴിയോര കടകളിൽ മുമ്പ് പൈനാപ്പിൾ ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളായിരുന്നു കച്ചവടം ചെയ്തിരുന്നത്. പടയപ്പയുടെ ആക്രമണം പതിവായതോടെയാണ് ഇതുപേക്ഷിച്ച് മറ്റ് സാധനങ്ങൾ കച്ചവടം ചെയ്യാൻ തുടങ്ങിയത്. എന്നാലിപ്പോൾ വീണ്ടും പടയപ്പാ തലവേദനയാവുകയാണ് . നിരീക്ഷിക്കാൻ പ്രത്യേക RRT ഉണ്ടെങ്കിലും പടയപ്പയുടെ പരാക്രമം തുടരുകയാണ്. ആന കടകൾ നശിപ്പിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം