അപകടഭീഷണി ഉയർത്തി എറണാകുളം മാടവന ജംഗ്ഷൻ റോഡിലെ കുഴികൾ. താൽക്കാലികമായി കുഴി അടച്ച് മടങ്ങുന്നതല്ലാതെ ശാശ്വത പരിഹാരം കാണാൻ എൻഎച്ച്എഐ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മാടവന സിഗ്നൽ ജംഗ്ഷന് സമീപത്തെ ദേശീയപാതയിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് നേരത്തെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നെങ്കിലും മഴയിൽ കുഴിയിൽ നിറച്ച മെറ്റീരിയൽ വീണ്ടും ഇളകി റോഡിലാകെ ചിതറിക്കിടക്കുകയാണ്. ഇന്നും പരാതിയെ തുടർന്ന് കുഴിയുള്ള ഭാഗം തിരിച്ചറിയാൻ ചുവപ്പ് നാടകൾ കെട്ടിവെച്ചതല്ലാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങളോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
ശാശ്വതമായ അറ്റകുറ്റപ്പണി വൈകുന്നത് കൂടുതൽ അപകടങ്ങളിലേക്ക് നയിച്ചേക്കാം. മഴക്കാലം തുടരുന്നതിനാൽ അടിയന്തരമായി റോഡ് നവീകരിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.