കൊച്ചി കുണ്ടന്നൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. ഫോറം മാളിനു സമീപമുള്ള ഇടറോഡിലെ ഒരു തട്ടുകടയ്ക്ക് അടുത്താണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ മരട് പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്കും പിന്നീട് അമ്മത്തൊട്ടിലിലേക്കും മാറ്റുകയായിരുന്നു.

പുലര്‍ച്ചെ മാളിന് സമീപത്തെ തട്ടുകടയുടെ ബെഞ്ചില്‍ നിന്ന് കരച്ചില്‍ കേട്ട വഴിയാത്രക്കാരന്‍ മിഥുനാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊക്കിള്‍ക്കൊടി പോലും കൃത്യമായി ഉണങ്ങാത്ത കുഞ്ഞായിരുന്നു അതെന്ന് മിഥുന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ചായകുടിക്കാന്‍ വേണ്ടി തട്ടുകടയിലേക്ക് ചെന്നപ്പോഴാണ് നവജാത ശിശുവിന്‍റെ കരച്ചില്‍ കേട്ടതെന്നും ചുറ്റും നായ്‌കള്‍ ഉണ്ടായിരുന്നെന്നും മിഥുന്‍. സംഭവസ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സ് വിളിച്ചെങ്കിലും വന്നില്ലെന്നും അതുകൊണ്ടുതന്നെ പൊലീസ് ജീപ്പിലാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും മിഥുന്‍ പറയുന്നു.

'ഞാന്‍ എറണാകുളത്ത് ചുമ്മാ കറങ്ങാന്‍ പോയതാ. വരുന്ന വഴിക്ക് ചായ കുടിക്കാമല്ലോയെന്നോര്‍ത്ത് ആ കടയില്‍ കയറിയതാണ്. സ്ഥിരമായി കാണുന്ന കടയാണ്. അവിടെ ചെന്നപ്പോള്‍ കടപൂട്ടിപ്പോയി. തിരിച്ച് പോരാന്‍ തുടങ്ങുമ്പോഴാണ് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുന്നത്. നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിനെ ഇങ്ങനെ പുതപ്പിച്ച് വെച്ചിരിക്കുന്നതാണ്. ഞാന്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു. അവര്‍ വന്ന് കൊച്ചിനെ പൊതിഞ്ഞത് തുറന്ന് നോക്കിയപ്പോഴാണ് പൊക്കിള്‍ക്കൊടിപോലും മാറ്റാതെ ക്ലിപ്പ് ചെയ്ത് വെച്ചിരിക്കുന്നത് കണ്ടത്.

പൊലീസ് അപ്പോള്‍തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും വന്നില്ല. പിന്നെ അവര്‍ തന്നെ ജീപ്പില്‍ മരട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാന്‍ കുഞ്ഞിനെ കാണുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ചുറ്റും ഒരുപാട് നായ്ക്കളുണ്ടായിരുന്നു. ഭയങ്കര കൊതുകായിരുന്നു. ഞാന്‍ കാലൊക്കെയിട്ടടിച്ച് കൊതുകിനെ ഓടിക്കാനും കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാനൊക്കെ കുറേ നോക്കി. പൊലീസ് വരുന്നതുവരെ അവിടെനിന്നു. പോകുന്ന വണ്ടിക്കൊക്കെ കൈകാണിച്ചെങ്കിലും ആരും വണ്ടി നിര്‍ത്തിയല്ല. ഞാനാകെ ഭയന്ന് പോയിരുന്നു..' മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തെ കാർ ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

A newborn baby abandoned near a roadside eatery in Kochi's Kundannoor has been safely placed in a cradle. The infant, just hours old, was discovered by a passerby, leading to a swift police intervention and rescue.