തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കിഴക്കമ്പലത്ത് സ്ഥാനാര്‍ഥികളെ പ്രചാരണത്തിന് കളത്തിലിറക്കി പോരാട്ടം തുടങ്ങി ട്വന്‍റി 20. കൊച്ചി കോര്‍പറേഷനിലേയ്ക്ക് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്വിന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയുമായി സഹകരിക്കുമെന്നത് രാഷ്ട്രീയ എതിരാളികളുടെ ദുഷ്പ്രചരണമാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെയും വാഴക്കുളം ബ്ലോക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനികളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെയുമടക്കം 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 90 ശതമാനം സീറ്റിലും വനിതകളെ ഇറക്കിയാണ് ഇക്കുറി പോരാട്ടം.
പോസ്റ്ററുകള്‍, മതിലെഴുത്ത്, അനൗണ്‍സ്മെന്‍റ് എന്നിവ ഇതിനോടകം പൂര്‍ത്തിയാക്കിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പോരാട്ടം കിഴക്കമ്പലത്ത് കടുപ്പിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റിലേയ്ക്കും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.