മൂന്നു കപ്പലുകൾ ഒന്നിച്ച് നീറ്റിലിറക്കിയ ദിവസം തന്നെ കൊച്ചി കപ്പൽശാലക്ക് രണ്ട് കപ്പലുകൾ കൂടി നിർമിക്കാനുള്ള കരാറിന് വാഗ്ദാനം. ഡ്രജിങ് കോർപറേഷൻ ചെയർമാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ ഉൾപ്പടെയാണ് നീറ്റിലിറക്കിയത്.
ഡ്രജിങ് കോർപറേഷനു വേണ്ടി രാജ്യത്തെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പലായ 'ഗോദാവരി', അന്തർവാഹിനി പ്രതിരോധ കപ്പലായ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് 'ഐഎൻഎസ് മഗ്ദല', കടലിലെ വിൻഡ് ഫാമുകൾക്കുള്ള സർവീസ് യാനമായ ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ 'പെലാജിക് വാലു' എന്നിവയാണ് ഒരേ ദിവസം നീറ്റിലിറക്കിയത്. പിന്നാലെയായിരുന്നു കൊച്ചി കപ്പൽശാലയുടെ മികവിന് അംഗീകാരത്തിന്‍റെ മുദ്ര ചാർത്തി ഡിസിഐ ചെയർമാൻ എം.അംഗമുത്തുവിന്‍റെ പ്രഖ്യാപനം. രണ്ടു ഡ്രജറുകൾ കൂടി നിർമിക്കാൻ കപ്പൽശാലയെ ഏൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാണ് വ്യത്യസ്തവും സങ്കീർണവുമായ മൂന്ന് ഇനം കപ്പലുകളെന്ന് കപ്പൽശാല സിഎംഡി മധു എസ്.നായർ കൂട്ടിച്ചേര്‍ത്തു.
തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച അന്തർവാഹിനി പ്രതിരോധ കപ്പലിന് 78 മീറ്റർ നീളവും 896 ടൺ ഭാരവുമുണ്ട്. 25 നോട്ടിക്കൽ മൈൽ വേഗം, അത്യാധുനിക അണ്ടർവാട്ടർ സെൻസറുകളും സ്വയം നിയന്ത്രിത ടോർപ്പിഡോകളും റോക്കറ്റുകളും മൈനുകളും വിന്യസിക്കാനുള്ള സംവിധാനം എന്നിവയും ഇതിലുണ്ട്.