കോട്ടയം വൈക്കം വടക്കേനട പെൺപള്ളിക്കൂടത്തിന്റെ പേര് മാറുന്നു. ആറരപ്പതിറ്റാണ്ടിന് ശേഷം ആൺകുട്ടികൾക്കും സ്കൂളിൽ ഇരിപ്പിടം നൽകിയതോടെയാണ് പെൺകുട്ടികളുടേത് മാത്രമായിരുന്ന സ്കൂളിന് പുതുജീവൻ ലഭിച്ചത്.
വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി ഗേൾസ് സ്കൂൾ ഇനി മുതൽ 'വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ' എന്നാണ് അറിയപ്പെടുക. 1962-ൽ പെൺപള്ളിക്കൂടമായി തുടങ്ങിയ സ്കൂളിലാണ് ഇപ്പോൾ ആദ്യമായി ആൺകുട്ടികൾക്കും പ്രവേശനം നൽകിയത്.
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകളിലാണ് ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചത്. നിലവിൽ 232 വിദ്യാർഥികളാണ് ഈ സ്കൂളിലുള്ളത്. ഇതിനോടകം 25 ആൺകുട്ടികൾ ഇവിടെ പ്രവേശനം നേടിക്കഴിഞ്ഞു.