നെല്ല് സംഭരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. പുന്നപ്ര പറവൂർക്കാട് പാടശേഖരത്തെ അറുപതോളം കർഷകരാണ് ദുരിതത്തിലായത്. കൃഷി ചെയ്ത പല കർഷകരും കടബാധ്യതയിലുമായി.
മാർച്ച് പകുതിക്കാണ് 90 ഏക്കറുള്ള ഈ പാടശേഖരത്തിൽ നിന്ന് നെല്ല് സംഭരിച്ചത്. മേയ് 10-ഓടെ കർഷകർക്ക് പിആർഎസ് (PRS) എഴുതി നൽകി. എസ്ബിഐ, കനറാ ബാങ്കുകളിലേക്കായിരുന്നു പിആർഎസ്. കർഷകർ തങ്ങൾക്ക് ലഭിക്കാനുള്ള പണത്തിനായി ബാങ്കുകൾ കയറിയിറങ്ങുകയാണ്. എന്നാൽ സംഭരണം നടന്ന് മാസങ്ങളായിട്ടും ചില്ലിക്കാശ് കിട്ടിയിട്ടില്ല.
സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചാലേ രണ്ടാം കൃഷി തുടങ്ങാനാകൂ എന്ന് കർഷകർ പറയുന്നു. ജൂൺ പകുതിയോടെ രണ്ടാം കൃഷി ആരംഭിക്കണം. വെള്ളം വറ്റിച്ച് നിലമൊരുക്കുന്നതുൾപ്പെടെ നിരവധി ജോലികൾ പൂർത്തിയാക്കണം. നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന നിലപാടിലാണ് കർഷകർ.
2000 രൂപ മണിക്കൂറിന് വാടക നൽകിയാണ് യന്ത്രമുപയോഗിച്ച് കൊയ്ത്ത് പൂർത്തിയാക്കിയത്. ഇതുൾപ്പെടെ പുഞ്ചകൃഷിക്ക് കർഷകർ ചെലവാക്കിയ പണം കടമെടുത്തതാണ്. സ്വർണം പണയം വെച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പലിശയ്ക്ക് പണമെടുത്തുമാണ് പല കർഷകരും കൃഷിക്കിറങ്ങിയത്.