ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തതിന് എബിവിപി പ്രതിഷേധിച്ചപ്പോൾ പണി കിട്ടിയത് എൽഡിഎഫിനും. കോട്ടയം നഗരത്തിലാണ് എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ ഫ്ലക്സ് ബോർഡുകൾ മാറ്റിയതിന് പിന്നാലെ എൽഡിഎഫ് ജാഥയുടെ ഫ്ലക്സ് ബോർഡുകളും നഗരസഭ തൂത്തുവാരി കൊണ്ടുപോയത്.

എബിവിപി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നഗരത്തിൽ കെട്ടിയ ഫ്ലക്സ് ബോർഡുകൾ നഗരസഭ ജീവനക്കാർ അഴിച്ചുമാറ്റിയതിന് എബിവിപിയുടെ പ്രതിഷേധമാണിത്. നഗരസഭാ സെക്രട്ടറിയുടെ മുറിയിലേക്ക് എത്തിയ പ്രവർത്തകർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. ജീവനക്കാരനെ പിടിച്ചു തള്ളാൻ ശ്രമം. നഗരത്തിൽ എബിവിപിയുടെ ഫ്ലക്സ് ബോർഡുകൾ മാത്രം അഴിച്ചുമാറ്റിയെന്നും ജോസ് കെ. മാണിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡിൽ തൊട്ടില്ലെന്നും എബിവിപി.

 

എബിവിപിയുടെ പരാതിക്ക് പിന്നാലെ റോഡിലിറങ്ങിയ നഗരസഭ ഉദ്യോഗസ്ഥരും ജീവനക്കാരും എല്ലാ ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്തു. ജോസ് കെ. മാണി ക്യാപ്റ്റനായ എൽഡിഎഫിന്റെ വികസനം മുന്നേറ്റ ജനതയുടെ ഫ്ലക്സ് ബോർഡുകൾ ഓരോന്നായി അഴിച്ചുമാറ്റി. ജാഥ വരാനിരിക്കെ ബോർഡുകൾ നീക്കം ചെയ്തത് എൽഡിഎഫിന് തിരിച്ചടിയായി. ഏഴു മുതൽ ഒൻപത് വരെയാണ് ജില്ലയിൽ എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ കടന്നുപോകുന്നത്.

നഗരത്തിലെ ഇടറോഡുകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തി എല്ലാ ബോർഡുകളും അഴിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 

ENGLISH SUMMARY:

ABVP protest Kottayam saw LDF flex boards removed as well. Following the removal of ABVP's flex boards for their state conference, the Kottayam municipality also cleared away LDF jatha flex boards, creating a political stir.