TOPICS COVERED

വൈക്കത്ത് വേമ്പനാട്ട് കായലിന് കുറുകെ നടത്തിയിരുന്ന രണ്ട് ജങ്കാർ സർവ്വീസുകൾ നിലച്ചതോടെ കായൽ കടക്കാൻ ചെറുവള്ളങ്ങളിൽ അപകട യാത്ര. കടത്ത് വള്ളത്തിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയാണ് അപകടകരമായി  യാത്ര ചെയ്യേണ്ടി വരുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

വൈക്കം നഗരസഭയും ഉദയനാപുരം പഞ്ചായത്തും ആലപ്പുഴയിലെ രണ്ട് പഞ്ചായത്തുകളുമായി ചേർന്ന് നടത്തിയിരുന്ന രണ്ട് ജങ്കാർ സർവ്വീസുകളാണ് നിലച്ചത്. ജങ്കാറിന്‍റെ കരാർ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ അറ്റകുറ്റ പണിയുടെ പേരിലാണ് കരാറുകാരൻ സർവ്വീസ് നിർത്തിയത്. പിന്നീട് കരാറെടുക്കാൻ ആരും വന്നില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. തുക കൂട്ടി നൽകാൻ കരാറുകാർ സമ്മർദമുണ്ടാക്കുന്നതും പതിവായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം കുട്ടികളടക്കം കയറിയ വള്ളം നടുകായലിൽ വച്ച് കാറ്റിലും ഓളത്തിലും പെട്ട് നിയന്ത്രണം നഷ്ടമായെങ്കിലും ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രം. ആഴ്ചകളായി രണ്ട് ജങ്കാർ സർവ്വീസും നിലച്ചതോടെ കിലോമീറ്ററുകൾ മാറിയുള്ള ചെമ്മനാകരിയിലെ ഏക ജങ്കാർ സർവ്വീസിൽ തിരക്കേറുകയും ചെയ്തു. ഇവിടെയും ഇപ്പോൾ  യാത്ര അപകടകരമായാണ് തുടരുന്നത്.

ENGLISH SUMMARY:

Jankar service in Vaikom stopped. It badly affects the natives including students.