വേനല്‍ മഴ വന്നെങ്കിലും കര്‍ഷകര്‍ക്ക് കണ്ണീര്‍; ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശം

ആദ്യ വേനൽ മഴയിൽ തന്നെ കർഷകരെ കണ്ണീരിലാഴ്ത്തി ചുഴലിക്കാറ്റ്. മലപ്പുറം ചോക്കാട് നാൽപ്പത് സെന്റില്‍ ആഞ്ഞുവീശിയ കാറ്റിൽ ഒടിഞ്ഞത്  രണ്ടായിരത്തോളം വാഴകൾ. വൈകിട്ട് മൂന്നിന് മഴയ്ക്കൊപ്പമെത്തിയ കാറ്റിലാണ് വ്യാപകനാശമുണ്ടായത്. 

കുലച്ചതും കുലക്കാറായതുമായ വാഴകളാണ് ഒടിഞ്ഞുവീണത്. നാലുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുസ്തഫ താഴത്തേതിൽ, രാജൻ ചിറയിൽ, ടി കെ ബാപ്പു, മുജീബ് താഴത്തേതിൽ, മൂസ്സ, കൂത്രാടൻ നൗഷാദ് , കുറ്റിച്ചോല സലീം, പാലൻ പുഞ്ചയിൽ എന്നിവര്‍ക്കാണ് വലിയ നഷ്ടമുണ്ടായത്. 

ബാങ്കിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയവര്‍ക്കാണ് നഷ്ടമുണ്ടായത്. 

കാട്ടാനയുടെയുടേയും കാട്ടുപന്നികളുടെയും ശല്യം ഒഴിവാക്കുന്നതിനായി അധികചിലവും വന്നിട്ടുണ്ട്. 2017ല്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിട്ടും നഷ്ടപരിഹാരം ഇതുവരേയും ലഭിച്ചിട്ടില്ല.