വെളളമില്ല, മെഷീൻ തകരാറില്‍; ഡയാലിസിസിനെത്തുന്ന രോഗികളെ തിരിച്ചയക്കുന്നുവെന്ന് പരാതി

തൃശൂർ ജനറൽ ആശുപത്രിയിൽ  ഡയാലിസിസിനെത്തുന്ന രോഗികളെ നിരന്തരം തിരിച്ചയക്കുന്നുവെന്ന് പരാതി. വെളളമില്ലെന്നും മെഷീൻ തകരാറാണെന്നും പറഞ്ഞാണ് രോഗികളെ തിരിച്ചയക്കുന്നത് പതിവാകുന്നത്. ആറു മാസമായി പ്രതിസന്ധിയിലെന്ന് കാണിച്ച് രോഗികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ദിവസവും 20 ലധികം രോഗികളാണ് ജില്ലാ ആശുപത്രിയിൽ ഡയാലിസിസിനെത്താറുള്ളത്. ആശുപത്രിയിലെത്തുമെങ്കിലും മെഷീൻ തകരാറാണെന്നറിയിച്ച് രോഗികളെ പറഞ്ഞു വിടുന്നുവെന്നാണ് പരാതി. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടവരാണ് രോഗികൾ. എന്നാൽ മിക്ക ദിവസങ്ങളിലും ഡയാലിസിസ് നടക്കാതെ മടങ്ങേണ്ടി വരുന്നു. ആറു മാസമായി പ്രതിസന്ധി തുടങ്ങിയിട്ട്. അധികൃതരോട് നിരന്തരം പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല, അതിനിടെ പരിഹാരം തേടി ചില രോഗികൾ മുഖ്യമന്ത്രിക്കും പരാതി നൽകി.

സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് മിക്ക രോഗികളും. തിരക്കായതിനാൽ മെഡിക്കൽ കോളജിനെ ആശ്രയിക്കാനാവില്ല, പിന്നെ ഏക ആശ്രയം വലിയ തുക കൊടുത്ത് സ്വകാര്യ ആശുപത്രികളാണ്. ജനറൽ ആശുപത്രിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലാകും രോഗികൾ.