ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം; 24 മണിക്കൂറും നിരീക്ഷണം

ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം പ്രവർത്തനം തുടങ്ങി. ചക്കക്കൊമ്പനും മുറിവാലനുമുൾപ്പടെ 19 ഓളം കാട്ടാനകളാണ് ചിന്നക്കനാലിലുള്ളത്. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി 24 മണിക്കൂറും മേഖലയിൽ ആർആർടി നിരീക്ഷണമുണ്ടാകും.

കാട്ടാന ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും അധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടത് ചിന്നക്കനാൽ മേഖലയിലാണ്. പ്രദേശത്ത് വരൾച്ച വർധിച്ചതോടെ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായതോടെയാണ് സ്പെഷ്യൽ അർ അർ ടി സംഘത്തെ നിയോഗിച്ചത്. കാട്ടാനകൾ ഇറങ്ങുന്നത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ജനവാസ മേഖലയിലെക്ക് ആനകൾ കടക്കാത്ത രീതിയിൽ പ്രതിരോധിക്കാനുമാണ് അർ അർ ടി ലക്ഷ്യമിടുന്നത്.

സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അർ അർ ടി പ്രവർത്തിക്കുക. ബീറ്റ് ഫോറസ്ററ് ഓഫീസർമാർ, റിസർവ് ഫോറസ്ററ് വാച്ചർ, 10 താൽക്കാലിക വാച്ചർമർ എന്നിവരടങ്ങുന്നതാണ് പുതിയ അർ അർ ടി സംഘം. നാട്ടുകാരുടെ പിന്തുണയോടെയാവും അർ അർ ടി യുടെ പ്രവർത്തനം. ഡ്രോണുകൾക്ക് പുറമേ ആനകളെ തുരത്താൻ പടക്കമുൾപ്പടെ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടെ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.