അപകടയാത്രക്ക് ഭീമമായ ടോള്‍; കുതിരാനില്‍ പണി തീരാതെ ടോള്‍ വർധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യാത്രക്കാര്‍

കുതിരാൻ തുരങ്ക പാതയുടെ പണി പൂർത്തിയാകാതെ തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിക്കാനനുവദിക്കില്ലെന്ന് യാത്രക്കാർ. അറ്റകുറ്റ പണിക്കായി ഒരു തുരങ്കം മാസങ്ങളായി അടച്ചിട്ടതോടെ തിങ്ങി നിരങ്ങിയാണ് ഗതാഗതം. അപകടകരമായ യാത്രക്ക് ഇനിയും ഭീമമായ ടോൾ നൽകുന്നതിനെതിരെ പ്രതിഷേധത്തിലാണ് യാത്രക്കാർ. 

പന്നിയങ്കര ടോൾ പ്ലാസയിൽ ഈടാക്കുന്ന ടോളിന്റെ അറുപത് ശതമാനവും കുതിരാൻ തുരങ്ക പാതയിലൂടെ സഞ്ചരിക്കുന്നതിനാണെന്നാണ് കണക്ക്. വർഷങ്ങളായിട്ടും പണി പൂർത്തിയാക്കാത്ത തുരങ്ക പാതക്കാണ് ഇത്രയധികം തുക ഈടാക്കുന്നത്. അതിനിടെ പന്നിയങ്കരയിലടക്കം ടോൾ പ്ലാസകളിൽ മാർച്ച് ഒന്നു മുതൽ 2.5 ശതമാനം ടോൾ നിരക്ക് വർധിപ്പിക്കുമെന്ന ഹൈവേ അതോറിറ്റിയുടെ അറിയിപ്പും വന്നു. പിന്നീട് തീരുമാനം പിൻവലിച്ചങ്കിലും ഉടൻ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിരക്ക് വർധിപ്പിക്കുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്ന് കടുത്ത അമർഷമാണ് ഉയരുന്നത്

അറ്റകുറ്റ പണിക്കായി തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചിട്ടിട്ട് മാസം നാലായി. ഒരു ഭാഗത്തിലൂടെ മാത്രമാണ് ഗതാഗതം. തിക്കി തിരക്കിയുള്ള യാത്ര, സുഗമമായ യാത്രാ സൗകര്യങ്ങൾ ഇല്ലെങ്കിലും വലിയ തുക ടോളായി നൽകേണ്ടി വരുന്നതിൽ പ്രതിഷേധമുണ്ട് യാത്രക്കാർക്ക്. തുരങ്കത്തിന്റെ പണി പൂർത്തിയായില്ലെങ്കിലും രണ്ടു വർഷത്തിനിടെ രണ്ടു തവണയാണ് പന്നിയങ്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചതും ഇനി വർധിപ്പിക്കാനിരിക്കുന്നതും. പണി പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തി വെക്കണമെന്ന ഹർജി ഹൈകോടതിയുടെ പരിഗണനയിലാണ്.