തൃശൂർ കയ്പമംഗലം കമ്പനിക്കടവ് ബീച്ചിൽ കടലാമകൾ ചത്തടിയുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. അശാസ്ത്രീയ മീൻ പിടിത്തവും കാലാവസ്ഥാ വ്യതിയാനവുമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകൾക്ക് വില്ലനാകുന്നത്. കടലാമ സംരക്ഷണ പ്രവർത്തനം ഒരു ഭാഗത്ത് നടന്നു കൊണ്ടിരിക്കെയാണ് മേഖലയിൽ തുടരെ തുടരെ ആമകൾ ചത്തു കരക്കടിയുന്നത്.

രണ്ട് മാസത്തിനിടെ പത്തോളം കടലമാകളാണ് കമ്പനിക്കടവ് ഭാഗത്ത് ചത്ത് കരക്കടിഞ്ഞത്. മുട്ടായിടാനായി കരയോട് ചേര്‍ന്ന് സഞ്ചരിക്കുന്ന ഒലീവ് റിഡ്‌ലി എന്ന ഇനത്തില്‍പെട്ട കടലാമകളാണിവ. ബോട്ടുകളുടെയും വള്ളങ്ങളുടെയും യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേല്‍ക്കുന്നതും ആശാസ്ത്രീയ മീൻ പിടിത്തവുമാണ് കടലാമകളുടെ മരണകാരണമാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ചാവുന്നവയും ഉണ്ട്. വംശനാശ ഭീഷണി നേരിടുന്ന ആമകൾ തുടരെ തുടരെ ചത്തു കരക്കടിയുന്നത് പ്രദേശത്തു ആശങ്ക സൃഷ്ടിക്കുന്നുണ്ട് 

തെങ്ങിന്റെ കൊഴിഞ്ചിലുകളും പ്ലാസ്റ്റിക്ക് വസ്തുക്കളും ടാങ്കീസ് ഉപയോഗിച്ച് ചേര്‍ത്ത് കെട്ടിയുള്ള മീൻ പിടിത്തമാണ് ആമകൾക്ക് വില്ലനാകുന്നത്. ഇത്തരം കെട്ടുകളിൽ ആമകൾ കുടുങ്ങി പിന്നീട് ചത്തു പോവുന്നതാണ് പതിവ്. പരിശോധനകളില്ലാത്തതിനാൽ വ്യാപകമായി ഈ മീൻ പിടിത്ത രീതി നടക്കുന്നുമുണ്ട്.  നൂറോളം ആമകുഞ്ഞുങ്ങളാണ് കമ്പനിക്കടവിൽ കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയത്. ഇതേ സ്ഥലത്താണ് കടലാമകള്‍ ചത്ത് കരക്കടിഞ്ഞതും. മേഖലയിൽ പരിശോധന കർശനമാക്കണമെന്നാണ് ആവശ്യ.

Thrissur sea turtles