ടൂറിസം ഗ്രാമം പദ്ധതി ഫണ്ടിൽ അവ്യക്തത; പദ്ധതിക്ക് വേണ്ടത് 40ലക്ഷം; പ്രചാരണം ഒന്നരക്കോടിയെന്ന്!

കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് പ്രഖ്യാപിച്ച ടൂറിസം ഗ്രാമം പദ്ധതി ഫണ്ടിൽ അവ്യക്തത എന്ന പരാതിയുമായി നാട്ടുകാർ. 40 ലക്ഷം രൂപ മാത്രമേ പദ്ധതിക്കുള്ളൂ എന്നിരിക്കെ ഒന്നരക്കോടി രൂപയുടെ പദ്ധതി എന്നാണ് പഞ്ചായത്തിന്റെ പ്രചാരണം. പ്രകൃതി ഭംഗിയുള്ള പഞ്ചായത്തിലെ സ്ഥലങ്ങളെ ഒഴിവാക്കി പ്രത്യേക സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുത്തതിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം.

കേരള കോൺഗ്രസ് പിന്തുണയോടെ സി.പി.എം ഭരിക്കുന്ന മാഞ്ഞൂർ പഞ്ചായത്തിനെതിരെ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുകയാണ്.ഇല്ലാത്ത ഫണ്ട് പറഞ്ഞ് റിയൽ എസ്റ്റേറ്റ് താല്പര്യത്തിനായി ടൂറിസം ഗ്രാമം പദ്ധതിയെ ദുരുപയോഗം ചെയ്യുന്നതായാണ് പരാതി. 

കോതനല്ലൂർ ചാമക്കാല റോഡിനിരുവശവുമായാണ് മാഞ്ഞൂർ ടൂറിസം ഗ്രാമം നടപ്പാക്കുന്നത്. റോഡിൻ്റെ ഒരു ഭാഗത്ത് കൃഷിമുടങ്ങിയ പാടശേഖരത്തിൽ ഫാംറോഡ് നിർമ്മിച്ച്  പരിസരം ആകർഷകമാക്കിയാണ് പദ്ധതി നടപ്പാക്കുക. എഴുമാംകായലുമായി ബന്ധപ്പെട്ട് കിടക്കുന്ന മാൻവെട്ടം, പൂവ്വാശ്ശേരി പ്രദേശങ്ങളിലെ ആകർഷകമായ ഇടങ്ങൾ ഒഴിവാക്കി നിർദ്ദിഷ്ട സ്ഥലം മാത്രം തിരഞ്ഞെടുത്തത്  ചില സ്വകാര്യ ഭൂ ഉടമകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും പരാതിയുണ്ട് 

ഫാംറോഡിനുള്ള സ്ഥലം അളന്ന് നിർമ്മാണത്തിനുള്ള നടപടിയും പഞ്ചായത്ത് തിടുക്കത്തിൽ തുടങ്ങിക്കഴിഞ്ഞു. പദ്ധതിക്ക് നിലവിൽ അനുവദിക്കപ്പെട്ടിരിക്കുന്നത് നാല്പതു ലക്ഷം മാത്രം എന്നിരിക്കെ ബാക്കി കണക്ക് വ്യക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.