പടക്കം പൊട്ടിച്ചു തുരത്തിയാൽ മതിയെന്ന് വനം വകുപ്പ്; കാട്ടാന ശല്യത്തിൽ പൊറുതി മുട്ടി മരുതുംചുവട്ടുകാര്‍

കാട്ടാന ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഇടുക്കി മരുതുംചുവട്ടിലെ നൂറോളം കുടുംബങ്ങൾ. മേഖലയിൽ വ്യാപക കൃഷി നാശമാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്. ആനയെത്തിയാൽ പടക്കം പൊട്ടിച്ചു തുരത്തിയാൽ മതിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ആദിവാസികൾ ഉൾപ്പടെ നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് കോവിൽമലയിലെ മരുതുംചുവട്. ഇടുക്കി വന്യജീവി സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണെങ്കിലും മുൻപെങ്ങും ഇല്ലാത്ത തരത്തിലാണ് ഇവിടെ കാട്ടാനകളെത്തുന്നത് .പ്രദേശത്തെ വനാതിർത്തിയിൽ പുല്ല് ശേഖരിക്കാൻ പോയ വയോധികനെ കഴിഞ്ഞ മാസം കരടി ആക്രമിച്ചിരുന്നു. ഈ ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. 

കൃഷിയിടത്തിലേക്ക് ആന എത്തുന്നത് തടയാൻ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തിച്ചിട്ടില്ല. കാട്ടാന നശിപ്പിച്ച വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയിലാണ് പ്രാദേശവാസികൾ.

The families of Marutumchuvatti are struggling with Wild elephents