നിർമ്മാണത്തിലെ അപാകത മൂലം വൈക്കം താലൂക്കാശുപത്രിയിലെ പുതിയ ബ്ലോക്കിന്‍റെ സിമന്‍റ് പാളികൾ ഇടിഞ്ഞു വീഴുന്നു. കെട്ടിടത്തിന്‍റെ പുറം ഭിത്തിയിലെ സിമന്‍റ് പാളികളാണ് പൂർണമായും തകർന്ന് വീണത്. കോടികൾ മുടക്കി നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിലെ ഭിത്തിയിൽ സ്ഥാപിച്ച ടൈലുകളും കഴിഞ്ഞ ദിവസം ഇളകി വീണിരുന്നു.
വൈക്കം നഗരസഭയുടെ കീഴിലെ താലൂക്കാശുപത്രി കെട്ടിടം ഈ ഗതിയിലായിട്ടും നഗരസഭ ഈ വിവരമറിഞ്ഞിട്ടില്ല. ആശുപത്രി അധികൃതർ വിവരമറിയച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ അറ്റകുറ്റപണി രണ്ട് മാസമായി മുടങ്ങി കിടക്കുകയാണ്. മാമോഗ്രാം യൂണിറ്റ്, അൾട്രാ സൗണ്ട് സ്കാനിംഗ്, വാക്സിനേഷൻ കേന്ദ്രം തുടങ്ങി നാലോളം വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് ഈ അവസ്ഥ.
അഞ്ച് നില കെട്ടിടത്തിന്‍റെ ലിഫ്റ്റിനോട് ചേർന്നുള്ള ഭാഗത്തെ ടൈലുകൾ തകർന്ന് വീഴാൻ തുടങ്ങിയതോടെ ജീവനക്കാർ തന്നെ പൊളിച്ചു മാറ്റിയാണ് അപകടാവസ്ഥ ഒഴിവാക്കിയിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നും ഉടനെ അറ്റകുറ്റപണികൾ നടത്തുമെന്ന് അറിയിച്ചതായും ആശുപത്രി സൂപ്രണ്ട് പറയുന്നു. എന്നാൽ ആയിരക്കണക്കിനാളുകൾ ദിവസേന എത്തുന്ന ആശുപത്രിയിലാണ് ഇപ്പോഴും ഈ അപകടാവസ്ഥ തുടരുന്നത്.
The cement layers of the new block of the Vaikom taluk hospital are collapsing