മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി; കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം

നവകേരള സദസിന്‍റെ  തുടര്‍ച്ചയായി  മുഖ്യമന്ത്രിയുമായുള്ള കര്‍ഷകരുടെ മുഖാമുഖത്തില്‍ കുട്ടനാട്ടിലെ കൃഷി ഉപജീവനമാക്കിയ  സാധാരണ കര്‍ഷകരെ ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയ കുട്ടനാട്ടിലെ കര്‍ഷക കൂട്ടായ്മയായ  നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ പ്രതിനിധികളെ  അവഗണിച്ചു.  ചെറുകിട കര്‍ഷകരുടെ പ്രശ്നങ്ങള്‍ ആര് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും എന്നാണ് കര്‍ഷകരുടെ ചോദ്യം. 

കാര്‍ഷിക മേഖലയിലെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നടക്കുമ്പോള്‍ കുട്ടനാട്ടിലെ  സാധാരണ നെല്‍ കര്‍ഷകര്‍ അതില്‍ ഇല്ല എന്നാണ് പ്രധാന ആക്ഷേപം. കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പും സംഭരണവും ആരംഭിച്ചു. പിആര്‍എസ് വായ്പ ആയിട്ടാണെങ്കിലും നെല്ലിന്‍റെ വില എന്ന് കിട്ടുമെന്ന് കര്‍ഷകര്‍ക്ക് അറിയില്ല. 

കാല്‍ലക്ഷത്തോളം കര്‍ഷകരാണ് കുട്ടനാട്ടില്‍ നെല്‍കൃഷി ചെയ്യുന്നത്. ഇവരില്‍  ഭൂരിപക്ഷവും അഞ്ചേക്കറില്‍ താഴെ നെല്‍കൃഷി ചെയ്യുന്നവര്‍. ഉപജീവനത്തിനായി കൃഷി ചെയ്യുന്നവരുടെ പ്രതിസന്ധി തുടരുകയാണ്. 

ഒരേക്കറില്‍ നിന്ന് പരമാവധി 22 ക്വിന്‍റല്‍ നെല്ല് മാത്രമേ സംഭരിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ബാക്കി നെല്ല് എന്തുചെയ്യും എന്ന ചോദ്യത്തിന് സപ്ലൈകോയ്ക്കും കൃഷിവകുപ്പിനും മറുപടിയില്ല. മുഖ്യമന്ത്രിയുടെ മുഖാമുഖത്തെ  പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്. കൃഷിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കര്‍ഷകരെ സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ണമെന്നാണ് അവരുടെ അഭ്യര്‍ഥന.

It was alleged that the farmers' mukhamukham meeting with the Chief Minister did not include ordinary farmers who made a living from agriculture in Kuttanad