കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ദേശീയപാതയില്‍ പുതിയതായി നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍. കോണ്‍ക്രീറ്റ് തൂണുകളുടെ കമ്പികള്‍ പുറത്തുകാണുന്ന നിലയിലാണ്. മാത്രവുമല്ല, തുരുമ്പെടുത്തിട്ടുമുണ്ട്. വേഗം അറ്റക്കുറ്റപ്പണി നടത്തിയില്ലെങ്കില്‍ പാലത്തിന് ഭാവിയില്‍ ബലക്ഷയമുണ്ടാകുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. 

ദേശീയപാത 66ന്റെ ഭാഗമായി നിര്‍മിക്കുന്ന കോട്ടപ്പുറം, മൂത്തക്കുന്നം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് പരാതി. ഉപ്പുവെള്ളവുമായി സമ്പര്‍ക്കം വരുന്ന ഇടം കൂടിയാണിത്. അതുക്കൊണ്ടുതന്നെ ഇരുമ്പു കമ്പികള്‍ ഭാവിയില്‍ ബലക്ഷയമുണ്ടാക്കും. പാലം നിര്‍മാണത്തില്‍ ഗുണനിലവാരം പോരെന്നും പരാതിയുണ്ട്. വിരല്‍ കൊണ്ട് തൊട്ടാല്‍പോലും കോണ്‍ക്രീറ്റ് മിശ്രിതം ഇളകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

അതേസമയം, നിര്‍മാണത്തില്‍ അപാകതയില്ലെന്ന് കരാര്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ക്രീറ്റിനു ശേഷം അതിന്റെ ഫ്രെയിം മാറ്റുമ്പോള്‍ ഇത്തരം കമ്പികള്‍ പുറത്തു കാണുന്നത് സാധാരണയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. വീണ്ടും, കോണ്‍ക്രീറ്റ് ചെയ്യുകയാണ് പതിവെന്നും നാട്ടുകാരുടെ ആശങ്ക മാറ്റുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ദേശീയപാത ഉദ്യോഗസ്ഥരും ഇതില്‍ വിശദീകരണം തേടിയിരുന്നു.