കിന്‍ഫ്ര പദ്ധതി; പെരിയാറില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം 

കിന്‍ഫ്ര പദ്ധതിക്കായി ആലുവ പെരിയാറില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം വീണ്ടും കനപ്പിച്ച് യുഡിഎഫ്. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് നിര്‍ത്തിവച്ച പൈപ്പിടല്‍ ജോലികളാണ് ജലഅതോറിറ്റി ഇന്ന് പുനരാരംഭിച്ചത്. ഇതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തോട്ടുമുഖത്ത് റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ കിന്‍ഫ്ര ജീവനക്കാരന് മര്‍ദനമേറ്റു.

കൊച്ചി നഗരത്തിലടക്കം ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം കുടിെവള്ള ക്ഷാമം അതിരൂക്ഷമായിരിക്കെയാണ് കിന്‍ഫ്രയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ വീണ്ടും പച്ചക്കൊടി കാണിച്ചത്. ജനങ്ങളുടെ ദാഹം അകറ്റിയശേഷം മതി വ്യാവസായിക ആവശ്യത്തിനുള്ള വെള്ളം കൊണ്ടുപോകല്‍ എന്ന മുദ്രാവാക്യവുമായാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പൈപ്പിടല്‍ ജോലി തടസപ്പെടുത്തി റോഡ് ഉപരോധിച്ചത്.

അതിനിടെയാണ് പ്രകോപനം സൃഷ്ടിച്ചെന്ന് പറഞ്ഞ് കിന്‍ഫ്ര പദ്ധതിയുടെ കരാര്‍ ജീവനക്കാരനെ മര്‍ദിച്ചത്. കൊച്ചി കോര്‍പ്പറേഷനിലേക്കും ,ആലുവ, ഏലൂര്‍, തൃക്കാക്കര നഗരസഭകളിലേക്കും വെള്ളം എത്തിക്കാനുള്ള 190 ദശലക്ഷം ലീറ്റര്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാതെ കിന്‍ഫ്ര പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്കെതിരെയാണ് ജനരോഷം. തോട്ടുമുഖത്ത് സ്ഥാപിച്ച പ്ലാന്റില്‍ നിന്ന് 45 ദശലക്ഷം ലീറ്റര്‍ വെള്ളമാണ് കിന്‍ഫ്രക്ക് ലഭിക്കുക. ബെന്നിബെഹനാന്‍ എം.പി, എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, ഉമ തോമസ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

ശാസ്ത്രീയ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം