പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലവിഹിതത്തില്‍ കുറവുള്ള സാഹചര്യത്തിലും സ്വന്തംനിലയില്‍ ബദല്‍ വഴികള്‍ തേടി ചിറ്റൂരിലെ കര്‍ഷകര്‍. ജല ഉറവിടങ്ങളില്‍ നിന്നും കൃഷിയിടത്തിലേക്ക് കൂടുതല്‍ വെള്ളം ചാലുകള്‍ കീറിയെത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. അര്‍ഹമായ വെള്ളത്തിനായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമരം തുടരുന്നതും പതിവാണ്. 

കൃഷിയിടത്തിലേക്ക് മതിയായ അളവില്‍ വെള്ളമെത്താത്തതിലുള്ള കര്‍ഷകരുടെ പ്രതിഷേധം. ഓരോ ദിവസവും ഓരോ സംഘടനകള്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല. പാലക്കാട് ജില്ലയിലെ പല ഡാമുകളില്‍ നിന്നും കര്‍ഷകര്‍ക്ക് മതിയായ അളവില്‍ വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം തമിഴ്നാട് നല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ കാര്യമായ കുറവ് വരുത്തിയതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് ചിറ്റൂരിലെ കര്‍ഷകരാണ്. തടസങ്ങള്‍ എന്തായാലും തരിശിടാതെ മണ്ണിനെ സംരക്ഷിക്കാനാണ് കര്‍ഷകരുടെ ശ്രമം. 

സ്വകാര്യ കുളം, തോടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് പലരും കൃഷിയിടത്തില്‍ ജലസാന്നിധ്യം ഉറപ്പാക്കുന്നത്. പാടശേഖര സമിതികളുടെ ഏകോപനമാണ് ഇതില്‍ പ്രധാനം. ചിറ്റൂരിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്നാടുമായി ചര്‍ച്ച തുടരുന്നുവെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.