വൈക്കം റ്റി.വി പുരത്തെ ചരിത്രസ്മാരകമായ വിളക്കു മാടതുരുത്ത് സംരക്ഷിക്കണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പതിമൂന്ന് നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. പഴയ കാല ജലയാത്രയുടെ ചരിത്രം പറയുന്ന വിളക്കുമാട തുരുത്ത് സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നത് മനോരമ ന്യൂസ് വാർത്തയാക്കിയിരുന്നു.

റ്റി. വി.പുരം ക്ഷേത്രത്തിന് പടിഞ്ഞാറ് വേമ്പനാട്ട് കായിലിലാണ് ടൂറിസം സാധ്യത ഏറെയുള്ള ഈ തുരുത്ത്. കരയിൽ നിന്ന് 20 മീറ്റർ മാത്രം മാറിയുള്ള ഇവിടെ കായലിലൂടെ നടന്നുമെത്താൻ കഴിയുമെന്നാണ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ജീർണാവസ്ഥയിലായ വിളക്ക് മരം ഉയർത്തി സംരക്ഷിച്ച് റാന്തൽ മാതൃകയിൽ സോളാർ വിളക്ക് സ്ഥാപിക്കണമെന്നും തുരുത്തിന്‍റെ ചുറ്റും കല്ലുകൾ ഉറപ്പിച്ച് ഇരിപ്പിടങ്ങളും നടപാതകളും ഒരുക്കാമെന്നുമാണ് നിർദ്ദേശം.

സമീപത്തെ ബോട്ടുജെട്ടി യിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് ഇവിടേക്കുള്ള ജലയാത്ര ഒരുക്കാനാവും. വിദൂര ദൃശ്യങ്ങൾ കാണാനുള്ള ടെലസ്കോപ്പ് സ്ഥാപിക്കാം. പദ്ധതിക്കായി  60 ശതമാനം തുക ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുടക്കി പദ്ധതി നടപ്പാക്കാമെന്നാണ് നിർദ്ദേശം. 13 നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ സർക്കാരിന്  നൽകിയത്.

Tourism deputy director submits report on Vilakkumadam conservation project