കിന്‍ഫ്രപാര്‍ക്കിലെ ശുദ്ധജലതടാകത്തിലേക്ക് മലിനജലം ഒഴുക്കി; നടപടിയെന്ന് നഗരസഭ

കളമശേരി കിന്‍ഫ്രപാര്‍ക്കിലെ ശുദ്ധജലതടാകത്തിലേക്ക് മലിനജലമൊഴുക്കി കമ്പനികള്‍. തടാകത്തിലേക്ക് മലിനജലം ഒഴുക്കാന്‍ ചാലുകീറിയതായി നഗരസഭ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ശുദ്ധജലം മലിനമാക്കിയ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. 

തെളിഞ്ഞനീര്‍ത്തടം കറുത്തുകലങ്ങിയതോടെയാണ് പ്രദേശവാസികളുടെ പരാതിയില്‍ കളമശേരി നഗരസഭ പരിശോധനയ്ക്കിറങ്ങിയത് . കിന്‍ഫ്രപാര്‍ക്കിലെ കമ്പനികളില്‍ നിന്നുള്ള മലിനജലമാണ് ചാലുകീറി തടാകത്തിലേക്ക് ഒഴുക്കിയത്. കിൻഫ്ര ഹൈടെക് പാർക്കിലെ സ്ഥാപനങ്ങളി‍ല്‍ നിന്നും ശുചിമുറി മാലിന്യവും രാസമാലിന്യവുമടക്കമാണ് രണ്ടരയോക്കറോളം വരുന്ന ശുദ്ധജലതടാക്കിലേക്ക് ഒഴുക്കിയത്.  കിന്‍ഫ്രയിലേക്കും സമീപത്തെ ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കിലേക്കും ജലസേചനത്തിനും മറ്റുമായി ഉപയോഗിക്കുന്നതും തടാകത്തിലെ വെള്ളമാണ്. പാർക്കിലെ തിയറ്ററിൽ തടാകത്തിലെ വെള്ളം ഉപയോഗിക്കരുതെന്നു നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. തടാകത്തിലെ വെള്ളം വറ്റിച്ചു ശുദ്ധിയാക്കുന്നത് എളുപ്പമല്ല

ഗോൾഡ് സൂക് പാർക്കിൽ വിവിധ വിഭാഗങ്ങളിലായി 36 വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കൊന്നിനും ശരിയായ മലിനജല ശുദ്ധീകരണ പ്ലാന്റൊ ഇൻസിനറേറ്ററൊ ഇല്ല. എല്ലാ വ്യവസായ യൂണിറ്റുകളും സീറോ ഡിസ്ചാർജ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നാണു പിസിബി അധികൃതരുടെ വിശദീകരണം. എന്നാൽ പ്ലാസ്റ്റിക്, റബർ മാലിന്യങ്ങൾ തുറസ്സായ സ്ഥലത്തു കത്തിക്കുകയാണ് ചെയ്യുന്നത്. മലിനജലം കാനകളിലേക്കും അതുവഴി കനാലിലേക്കും തുടർന്നു തടാകത്തിലേക്കുമാണ് ഒഴുക്കുന്നതെന്നും പ്രദേശവാസികളടക്കം പരാതി പറയുന്നു. സ്ഥലം സന്ദര്‍ശിച്ച നഗരസഭ അധികൃതര്‍ തടാകത്തിലേക്കു മാലിന്യം ഒഴുകുന്നതു മൺതിട്ട നിർമിച്ചു താൽക്കാലികമായി തടഞ്ഞു. സംഭവത്തിൽ കിൻഫ്രക്കും ഗോൾഡ് സൂക് പാർക്കിൽ പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾക്കും നോട്ടിസ് നൽകുമെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കളമശേരി നഗരസഭ അധികൃതര് അറിയിച്ചു.

Sewage was discharged into a fresh water pond at Kinfrapark