വിലസ്ഥരതാ പദ്ധതിയിൽ മൗനം വെടിഞ്ഞ് മാണി ഗ്രൂപ്പ്‌ . ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കാക്കി കോട്ടയത്ത് നടത്തിയ സംസ്ഥാന റബ്ബർ കർഷക കൺവെൻഷനിലാണ്  ജോസ് കെ മാണി സംസ്ഥാന സർക്കാരിന്റെ സബ്സിഡി 200 എങ്കിലും ആക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ പദ്ധതിയെപ്പറ്റി അക്ഷരം മിണ്ടാത്ത എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആർ. പി. എസുകൾ സർക്കാറിന്റെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി

റബർ സബ്സിഡി 250 ആക്കുമെന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മാണി ഗ്രൂപ്പിന് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കർഷകരുടെ അടുത്ത് ചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്... 150 ആയിരുന്നു സബ്സിഡിയിൽ നിന്ന് ആകെ കൂട്ടാൻ കഴിഞ്ഞത് 20 രൂപ.. അതാണെങ്കിൽ കിട്ടാറുമില്ല..പ്രകടനപത്രികയിൽ 250 എന്ന് പറഞ്ഞെങ്കിലും 200 എങ്കിലും തരണമെന്നാണ് അഭ്യർത്ഥന.

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളും ആസിയാൻ കരാറും പതിവുപോലെ ആവർത്തിച്ച ഇടതുപക്ഷ നേതാക്കളിൽ ഒരാൾ പോലും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന റബർ സബ്സിഡിയെ കുറിച്ച് അക്ഷരം മിണ്ടിയില്ല. പോരാത്തതിന് ആർപിഎസുകൾക്ക് കുറ്റവും.  സബ്സിഡിയുടെ കാര്യത്തിൽ സർക്കാർ കൃത്യമായ നടപടിയെടുത്തില്ലെങ്കിൽ അതൃപ്തി പരസ്യമാക്കാൻ തന്നെയാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം.