ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് സംബന്ധിച്ചു മൈനിങ് ആൻഡ് ജിയോളജി നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നു കലക്ടറുടെ   അന്വേഷണറിപ്പോർട്ട്. നടപടികൾ സംബന്ധിച്ച ഫയൽ കാണാനില്ലെന്നും കലക്ട‌ർ മന്ത്രിമാർക്കു സമർപ്പിച്ച റിപ്പോർട്ടിൽ സൂചനയുണ്ട്. ഉദ്യോഗസ്‌ഥരുടെ ബോധപൂർവമായ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുത്തേക്കും.

ദേശീയപാത വികസനത്തിന്റെ പേരിലുള്ള മണ്ണെടുപ്പിനെതിരെ ജനകീയ സമരം ശക്തമായതോടെ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് കലക്ടർ അന്വേഷണം നടത്തിയത്. മന്ത്രിമാരായ പി.പ്രസാദിനും കെ.രാജനും നൽകിയ റിപ്പോർട്ടിൽ സെസ് നടത്തിയ പഠന റിപ്പോർട്ട് പരിഗണിച്ചില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റപ്പള്ളി മലയിലെ മണ്ണിന്റെ ദുർബലഘടനയെ പറ്റിയുള്ള റിപ്പോർട്ട് നാട്ടുകാരും സമരത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടപടിക്രമങ്ങൾ സംബന്ധിച്ച ഫയൽ കാണാതായതും ക്രമക്കേടിലേക്ക് വിരൽ ചൂണ്ടുന്നു. അതേസമയം വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ  വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. രാപ്പകൽ സമരം നടത്തുന്ന സംയുക്ത സമര സമിതി പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ സമരപ്പന്തലിന് മുമ്പിൽ കരാറുകാരൻ ടോറസുകൾ കൊണ്ടിട്ട് തടസം സൃഷ്ടിച്ച് പ്രകോപനം ഉണ്ടാക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.